potta

തോട് വൃത്തിയാക്കാത്തതിനാൽ വെള്ളം ഒഴുകി പോകാത്ത നിലയിൽ

പോട്ട: മണ്ണും പുല്ലും മുളക്കൂട്ടവും കൈതക്കൂട്ടവും വന്ന് നിറഞ്ഞ് തോടുകളുടെ ഒഴുക്ക് തടസപ്പെട്ടതിനാൽ തോടിന് സമീപത്തെ വീടുകളിൽ വെള്ളപ്പൊക്ക ഭീഷണി. കാളാൻച്ചിറ, പാമ്പാൻകോട്ട് പാടങ്ങളിൽ നിന്നും ആരംഭിക്കുന്ന മുല്ലശ്ശേരി തോടും പോട്ടച്ചിറ പാടത്ത് നിന്ന് തുടങ്ങുന്ന തോടും പറക്കോട്ടിയ്ക്കൽ ക്ഷേത്രത്തിൻ്റെ താഴെ ഒരുമിച്ച് ചേർന്ന് നാല് കിലോമീറ്ററോളം ഒഴുകിയാണ് പോട്ട ആശ്രമം ഭാഗത്തു കൂടെ പറയൻ തോട്ടിൽ എത്തിചേരുന്നത്. പോട്ടച്ചിറ, മുല്ലശ്ശേരി തോടുകൾ ആരംഭിക്കുന്ന സ്ഥലം മുതൽ കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ വെള്ളം കയറിയതിനാൽ തോടുകളിൽ മണ്ണ് വന്ന് നികന്നിരിക്കുകയാണ്. ഈ തവണത്തെ കാറ്റിൽ മുളക്കൂട്ടങ്ങളും കൈതക്കൂട്ടവും മറിഞ്ഞ് വീണ് തോടിന്റെ നീരൊഴുക്കും തടസപ്പെട്ടു. മുല്ലശ്ശേരി, പോട്ടച്ചിറ തോടുകളുടെ സമീപത്തെ വീടുകൾ മുഴുവൻ മഹാപ്രളയത്തിൽ വെള്ളം കയറി മുങ്ങിപ്പോയതാണ്. ഇവിടെ തോടും പാടവും കണ്ടാൽ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വലിയ ഒരു മഴ പെയ്താൽ പ്രദേശത്തെ തിലകൻ മേപറമ്പിലിൻ്റെ വീട് മുഴുവനായും ജോസഫ് പറക്കോട്ടുകര, പോൾ താക്കോൽക്കാരൻ, അരുൺ കൈപ്പള്ളിയിൽ, ജോസ് പ്ലാക്കൽ തുടങ്ങി പതിനഞ്ചോളം വീടുകളിൽ ഭാഗികമായും വെള്ളം കയറും. മഴക്കാലത്തെ ഭീതിയോടെയാണ് ഇവിടുള്ളവർ കാണുന്നത്. എന്നാൽ ഇതുവരെ തോടുകൾ വൃത്തിയാക്കാൻ അധികൃതർ തയ്യാറായിട്ടില്ല. കാളാൻച്ചിറ മുതൽ പോട്ട ആശ്രമം വരെയുള്ള നാല് കിലോമീറ്റർ വരെയുള്ള തോട് അടിയന്തരമായി ചാലക്കുടി നഗരസഭയുടെ നേതൃത്വത്തിൽ വൃത്തിയാക്കി വെള്ളം കൃത്യമായി ഒഴുകി പോകുവാനുള്ള സാഹചര്യം ഒരുക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.