വലപ്പാട്: കൊവിഡ് ലോക്ക്ഡൗൺ മൂലം ദുരിതത്തിലായ കുടുംബശ്രീ അംഗങ്ങൾക്ക് ലോണായി ലഭിക്കുന്ന തുകയിൽ നിന്നും കുടുംബശ്രീ ചെയർപേഴ്സൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരിൽ നിർബന്ധിത പണപ്പിരിവ് നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചു. കുടുംബശ്രീയിലെ കൊള്ളയ്ക്കും അഴിമതിക്കുമെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും വലപ്പാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ വി മോഹനൻ മാസ്റ്റർ , സെക്രട്ടറി ഫാത്തിമ സലീം , മഹിളാ കോൺഗ്രസ് പ്രസിഡന്റ് ഗീതാ രാമദാസ് എന്നിവർ അറിയിച്ചു.
കഴിമ്പ്രം ബീച്ചിൽ പഞ്ചായത്ത് ബീച്ച് ഫെസ്റ്റിവൽ നടത്തുന്ന സമയത്തും ഇത്തരത്തിൽ പാവപ്പെട്ടവരിൽ നിന്ന് നിർബന്ധിത പണപ്പിരിവ് നടത്തിയിരുന്നു.
ഇത്തരം പിരിവുകളുടെ ഒരു കണക്കും ഇതുവരെ ചെയർപേഴ്സൺ കുടുംബശ്രീ യൂണിറ്റുകൾക്ക് നൽകിയിട്ടില്ല. വൻ അഴിമതിയാണ് ഇതുവഴി നടത്തിയതെന്നും കോൺഗ്രസ് ആരോപിച്ചു. വലപ്പാട് പഞ്ചായത്തിൽ കൊവിഡ് കാലത്തും കുടുംബശ്രീ പൂർണമായും രാഷ്ട്രീയവത്കരിക്കുകയാണ്. തൃശൂർ എം.പി ടി.എൻ പ്രതാപന്റെ നേതൃത്വത്തിൽ നടക്കുന്ന എംപീസ് ഹരിതം പദ്ധതിലൂടെ കുടുംബശ്രീ അംഗങ്ങൾക്ക് സൗജന്യമായി പച്ചക്കറി വിത്തുകൾ നൽകുന്നതിനായി കത്തു നൽകിയിട്ടും 15 ദിവസം കഴിഞ്ഞിട്ടും മറുപടി നൽകാൻ കുടുംബശ്രീ ഓഫീസ് തയ്യാറായില്ല.
തുടർന്ന് കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസർക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ വലപ്പാട് കുടുംബശ്രീ ഓഫീസിനോട് വിവരം നൽകാൻ ഔദ്യോഗിക നിർദേശം നൽകിയിട്ടും കുടുംബശ്രീ യൂണിറ്റുകൾക്ക് നിർദ്ദേശം നൽകാൻ സി.ഡി.എസ് ചെയർപേഴ്സൺ തയ്യാറായില്ല. എം.പി ഹരിതം രജിസ്ട്രേഷൻ അവസാനിച്ചത് മൂലം പാവപ്പെട്ട കുടുംബശ്രീ യൂണിറ്റുകൾക്ക് ലഭിക്കേണ്ട സൗജന്യ വിത്തുകൾ സി.പി.എം രാഷ്ട്രീയവത്കരണം മൂലം നഷ്ടമായി. കൊവിഡ് കാലത്തെ ഈ രാഷ്ട്രീയവത്കരണം അംഗീകരിക്കാനാകില്ല എന്നും കുടുംബശ്രീ ചെയർപേഴ്സൺ നടത്തുന്ന അഴിമതിക്കും രാഷ്ട്രീയവത്കരണത്തിനെതിരെ കോൺഗ്രസ് പ്രക്ഷോഭം ആരംഭിക്കുമെന്നും നേതാക്കൾ അറിയിച്ചു.