തൃശൂർ: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഇതുവരെ ജില്ലയിൽ 12,399 പ്രവാസികൾ തിരിച്ചെത്തിയതായി കൊവിഡ് കെയർ സെന്റർ നോഡൽ ഓഫീസർ കെ. മധു അറിയിച്ചു. ഇതിൽ 1607 പേർ മറ്റ് രാജ്യങ്ങളിൽ നിന്നെത്തിയവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് 10,792 പേരെത്തി. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയ ഗർഭിണികൾ, ആരോഗ്യപ്രശ്‌നങ്ങളുള്ളവർ, വിസാ കാലാവധി പൂർത്തിയായവർ തുടങ്ങി മുൻഗണനാ പട്ടികയിലുളളവരെയാണ് രാജ്യത്തെത്തിച്ചത്. ജില്ലയിൽ വിമാനമാർഗവും കപ്പൽ മാർഗവും എത്തിയ പ്രവാസികളിൽ 795 പേരെ ജില്ലാ ഭരണകൂടം ഒരുക്കിയ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലാക്കി. ഗർഭിണികൾ, കുട്ടികൾ തുടങ്ങി 812 പേരെ ഹോം ക്വാറന്റൈനിൽ വിട്ടു. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലെത്തിയവരിൽ 668 പേരെ തദ്ദേശീയമായി ഒരുക്കിയ കൊവിഡ് കെയർ സെന്ററുകളിലാക്കിയതായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് അറിയിച്ചു. 10,124 പേരെ ഹോം ക്വാറന്റൈനിൽ വിട്ടു. ജില്ലയിലെത്തിയ പ്രവാസികളിൽ 100 പേർ ഇതുവരെ പെയ്ഡ് ക്വാറന്റൈൻ സൗകര്യം ഉപയോഗിച്ചു..