baburaj
ബാബുരാജ് തന്റെ ഇഞ്ചി കൃഷിയിടത്തില്‍

പുതുക്കാട്: മനുഷ്യന്റെ പ്രതിരോധശക്തി വർദ്ധിപ്പിക്കാൻ ഇഞ്ചിക്കുള്ള കഴിവിനെക്കുറിച്ച് വിദഗ്ദരുടെ അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടത് ലോക്ക്ഡൗൺ കാലത്താണ്. അങ്ങിനെയെങ്കിൽ നല്ലയിനം വയനാടൻ ഇഞ്ചിതന്നെ കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു കെ.എം. ബാബുരാജ്.

കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, എസ്.എൻ.ഡി.പി പുതുക്കാട് യൂണിയൻ ഡയറക്ടർ ബോഡ് അംഗം, കൊടകര ബ്ലേക്ക് മൾട്ടിപ്പസ് സഹകരണ സംഘം പ്രസിഡന്റ് തുടങ്ങിയ ഉത്തരവാദിത്വങ്ങളും സ്വന്തം ബിസിനസുമായി മുഴുവൻ സമയം കർമ്മനിരതനായ കെ.എം. ബാബുരാജിന് ലോക്ക്ഡൗൺ കാലവും അധിക ദിവസം വീട്ടിലിരിക്കാനായില്ല. ഇഞ്ചിയുടെ മഹത്വവം ഗുണവും മുതലെടുക്കാമെന്ന ആശയം ഉരുത്തിരിഞ്ഞപ്പോൾ ഇഞ്ചിക്കൃഷിയിൽ ഒരു കൈ നോക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനായി മാട്ടുമലയുടെ മുകളിലുള്ള തന്റെ പത്തേക്കർ ഭൂമിയും തിരഞ്ഞെടുത്തു.

രണ്ട് വർഷം പ്രായമായ അവിടത്തെ കശുമാവിന് ഇടവിളയായി ഇഞ്ചി കൃഷി ആരംഭിച്ചു. കോൺഗ്രസ് നേതാവും എം.എൽഎയുമായിരുന്ന റോസക്കുട്ടി ടീച്ചർ വയനാട്ടിൽ നിന്നും നല്ലയിനം ഇഞ്ചി വിത്ത് എത്തിക്കാമെന്ന് എറ്റതോടെ നിലമൊരുക്കൽ തകൃതിയായി. ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ റോസക്കുട്ടി ടീച്ചർ വാക്കുപാലിച്ചു. ഒരു ലോഡ് ഇഞ്ചി വിത്ത് ടീച്ചർ വയനാട്ടിൽ നിന്നും കയറ്റി വിട്ടു. കശുമാവിന്റെ ഇടയിൽ യന്ത്രസഹായത്തോടെ തടമൊരുക്കലിനും മറ്റും സഹായത്തിന് ബി.എസ്.സി പഠനം പൂർത്തിയാക്കിയ മകൻ സ്വരാജ് ബാബുവും എതാനും തൊഴിലാളികളുമുണ്ട്. ജൈവവളം മാത്രം നൽകി മികച്ച ഉത്പാദനം നേടാനാകുമെന്ന വിശ്വാസത്തിലാണ് ബാബുരാജ്. ലോക്ക്ഡൗണിൽ ഇളവ് വന്നതോടെ അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തുപോയാലും ശേഷിക്കുന്ന സമയം മാട്ടുമലയിൽ ഇഞ്ചി വിത്തിറക്കുന്നതിന്റെ തിരക്കിലാണ് ബാബുരാജ്.