കയ്പമംഗലം: കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ ജൂൺ ഒന്ന് മുതൽ ഓൺലൈൻ പഠനം ആരംഭിക്കുമ്പോൾ വിദ്യാർത്ഥികൾക്ക് കൈത്താങ്ങുമായി സി.പി.എം നാട്ടിക ഏരിയ കമ്മിറ്റി . നാട്ടിക ഏരിയയിലെ ഏഴ് പഞ്ചായത്തുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി എൽ.ഇ.ഡി ടി.വി നൽകും.
സംസ്ഥാനത്ത് ആദ്യമായാണ് സി.പി.എം ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാന സർക്കാർ ഓൺലൈൻ പഠനം വ്യാപകമാക്കുന്ന സാഹചര്യത്തിലാണ് സി.പി.എം. നാട്ടിക ഏരിയ കമ്മിറ്റി ഓൺലൈൻ പഠനത്തിനുള്ള സൗകര്യം ഒരുക്കുന്നത്.
വിദ്യാഭ്യാസ വകുപ്പ് വഴിയാണ് ടെലിവിഷൻ സൗകര്യം ഇല്ലാത്ത വിദ്യാർത്ഥികളുടെ കണക്കെടുപ്പ് നടത്തിയത്. 600 ഓളം വിദ്യാർത്ഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വ്യക്തികളും സംഘടനകളും ഉൾപ്പെടെ നിരവധി പേർ പദ്ധതിയുമായി സഹകരിക്കാൻ മുന്നോട്ട് വന്നു.
പദ്ധതിയുടെ ആദ്യ ധനസമാഹരണം കയ്പമംഗലത്ത് നടന്നു. എൻജിനീയറിംഗ് വിദ്യാർത്ഥിയായിരിക്കെ വാഹനാപകടത്തിൽ ഗുരുതര പരിക്ക് പറ്റി 12 വർഷമായി എഴുന്നേൽക്കാൻ പോലും കഴിയാതെ ദുരിതമനുഭവിക്കുന്ന പുതിയ വീട്ടിൽ മുഹമ്മദ് ഹക്കാണ് ആദ്യത്തെ തുക വിദ്യാഭ്യാസ മന്ത്രി പ്രൊ. സി. രവീന്ദ്രനാഥിന് നൽകിയത്.
ഇതോടൊപ്പം വിദ്യാർത്ഥികൾ റംസാൻ വിഭവങ്ങൾ വിൽപന നടത്തി സമാഹരിച്ച തുകയും മറ്റൊരു വിദ്യാർത്ഥി പാട്ടുപാടി സമാഹരിച്ച തുകയും മന്ത്രിക്ക് കൈമാറി. നാട്ടിക എരിയ സെക്രട്ടറി പി.എം അഹമ്മദ്, കയ്പമംഗലം പഞ്ചായത്ത് പ്രസിഡന്റ് ടി.വി സുരേഷ്, എം.എ ഹാരിസ് ബാബു, കെ.എ വിശ്വംഭരൻ, അഡ്വ. വി.കെ ജ്യോതിപ്രകാശ് എന്നിവർ പങ്കെടുത്തു..