തൃശൂർ: രാമവർമ്മപുരം പൊലീസ് അക്കാഡമിയിലെ ഡി.ഐ.ജി (ട്രെയിനിംഗ്) ഡൽഹിയിൽ നിന്നും യാത്ര ചെയ്തെത്തിയിട്ടും ക്വാറന്റൈനിൽ പോവാതെ ഡ്യൂട്ടിക്കെത്തുന്നതായി ആക്ഷേപം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഡൽഹിയിൽ നിന്നും വിമാനത്തിൽ നെടുമ്പാശേരിയിലെത്തിയത്. അവിടെ നിന്നും കാർ മാർഗം

ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തോടൊപ്പം രാമവർമപുരം അക്കാഡമിയിലെ ക്വാർട്ടേഴ്സിലെത്തി.

നെടുമ്പാശേരിയിൽ നിന്നും കാറിൽ യാത്ര പുറപ്പെടുന്നതിനിടെ ഇടയ്ക്ക് വെച്ച് കാറിന് തകരാർ സംഭവിച്ചതിനെ തുടർന്ന് മറ്റൊരു കാറെത്തിച്ചായിരുന്നു യാത്ര. ഇവിടെയെത്തി പൊലീസ് ക്വാർട്ടേഴ്സിലാണ് താമസിക്കുന്നത്. സമീപത്ത് മറ്റ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. ക്വാറന്റൈനിൽ പോകാതെ, ഡി.ഐ.ജിയാവട്ടെ ചൊവ്വാഴ്ച മുതൽ ഓഫീസിലെത്തി ചുമതല നിർവഹിച്ചു തുടങ്ങി.

ആയിരക്കണക്കിന് പേരുള്ളതാണ് പൊലീസ് അക്കാഡമി. ഡി.ഐ.ജി ജോലിക്കെത്തുന്നതിലെ ആശങ്ക മേലുദ്യോഗസ്ഥരെ അറിയിച്ചുവെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ തീരുമാനമായിട്ടില്ലെന്ന് പറയുന്നു.