തൃശൂർ : നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാൻ നിർമ്മാണം തുടങ്ങിയ ദിവാൻജി മൂല മേൽപ്പാലം പൂർത്തിയാകാൻ ഇനിയും മാസങ്ങളെടുക്കും. അപ്രോച്ച് റോഡ് പൂർത്തിയാകാൻ ഏകദേശം രണ്ട് മാസമെങ്കിലും എടുക്കുമെന്നാണ് കോർപറേഷൻ അധികൃതരുടെ വിശദീകരണം. ഇതോടെ വർഷക്കാലത്തിന് മുമ്പ് പാലം തുറന്ന് കൊടുക്കാൻ സാധിച്ചേക്കില്ലെന്ന് വ്യക്തമായി.
കഴിഞ്ഞ വർഷം മുതൽ ഉദ്ഘാടനം ഉടൻ നടക്കുമെന്ന് പ്രഖ്യാപനം നടത്തിയ അധികൃതർക്ക് മേൽപ്പാല നിർമ്മാണത്തിന്റെ നടപടി ആരംഭിച്ച് അഞ്ച് വർഷം പൂർത്തിയാക്കിയിട്ടും ഗതാഗത യോഗ്യമാക്കാൻ സാധിച്ചിട്ടില്ല. ഏറ്റവും ഒടുവിൽ വിഷുവിന് ഉദ്ഘാടനം നടത്താൻ സാധിക്കുമെന്നായിരുന്നു മേയറുടെ പ്രഖ്യാപനം . ഇതിന്റെ ഭാഗമായി മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്താനെത്തിയിരുന്നു.
ഇതിനിടെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ നിർമ്മാണ പ്രവർത്തനം നിലച്ചു. തുടർന്ന് ഇളവ് ലഭിച്ചതോടെ പ്രവർത്തനം തുടങ്ങിയെങ്കിലും വേഗതയില്ലെന്ന ആക്ഷേപമാണ് ഉയർന്നത്. അപ്രോച്ച് റോഡ് ഉയർത്തുന്നതിന്റെ പ്രവർത്തനം ഏകദേശം പൂർത്തിയായെങ്കിലും ടാറിംഗ് നടത്തണമെങ്കിൽ ഇനിയും പണികളേറെയുണ്ട്.
മഴയെത്താറായി
വർഷക്കാലമെത്താൻ ദിവസം മാത്രം ബാക്കി നിൽക്കെ അപ്രോച്ച് റോഡിന്റെ പടിഞ്ഞാറെ അറ്റത്തും മുകളിൽ റെയിൽവേയുടെ വളവിലും ഉള്ള കലുങ്കുകളുടെ നിർമ്മാണം പാതിവഴിയിലാണ്. മഴ ശക്തമായാൽ രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെടുന്ന പരിസരമാണിത്.
കഴിഞ്ഞ പ്രളയ കാലങ്ങളില്ലെല്ലാം ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. സ്വകാര്യ ബസുകൾ കൂടുതലായി നിരത്തിലിറങ്ങാത്തത് മൂലം വലിയ ഗതാഗത കുരുക്ക് ഇപ്പോൾ അനുഭവപ്പെടുന്നില്ല. വരും ദിവസങ്ങളിൽ കൂടുതൽ ബസുകൾ നിരത്തിലിറങ്ങുമ്പോൾ ഗതാഗതം ദുഷ്‌കരമാകും. ഇവിടെ രൂപപ്പെടുന്ന ബ്ലോക്ക് നഗരത്തിലെ മറ്റിടങ്ങളിലേക്കും ബാധിക്കും.
.....................
രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാമെന്നാണ് കരുതുന്നത്, ലോക്ഡൗൺ വന്നതോടെയാണ് പ്രവർത്തനം നിലയ്ക്കാൻ കാരണം. ഇപ്പോൾ പ്രവർത്തനം സുഗമമായി മുന്നോട്ട് പോകുന്നുണ്ട്.
(വർഗീസ് കണ്ടംകുളത്തി, ഡി.പി.സി മെംബർ)
..............
മേൽപ്പാലം വേഗത്തിൽ പൂർത്തിയാക്കിയിരുന്നെങ്കിൽ പാലം നിർമ്മാണത്തിന് തുടക്കം കുറിച്ച യു.ഡി.എഫിന് നേട്ടം മുഴുവൻ കിട്ടുമെന്ന ഭയമാണ് ഇത്രയും നീട്ടാൻ കാരണം. എന്നാൽ ഇപ്പോൾ അവർക്ക് തന്നെ ഇത് തലവേദനയായി മാറി. കരാർ വ്യവസ്ഥകൾ പാലിക്കാതെയാണ് നിർമ്മാണം.
(രാജൻ പല്ലൻ, കോർപറേഷൻ പ്രതിപക്ഷ നേതാവ്)