തൃശൂർ: മൂന്ന് മണിക്കൂറിൽ കൊവിഡ് പരിശോധനാ ഫലം ലഭിക്കാവുന്ന ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്ഷൻ സിസ്റ്റം തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ പ്രവർത്തനം തുടങ്ങി. യന്ത്രത്തിന്റെ ഉദ്ഘാടനവും പത്ത് ഐ.സി.യു കോട്ടുകളുടെ സമർപ്പണവും ചടങ്ങിൽ നടന്നു. വൈറോളജി ലാബിൽ ഓട്ടോമേറ്റഡ് ന്യൂക്ലിക് ആസിഡ് എക്സ്ട്രാക്‌ഷൻ സിസ്റ്റം ടി.എൻ പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. രമ്യ ഹരിദാസ് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 40 ലക്ഷം രൂപ ചെലവഴിച്ചാണ് ജർമ്മനിയിൽ നിന്ന് വാങ്ങിയ പുതിയ പരിശോധനാ സംവിധാനം ഒരുക്കിയത്.

കൊവിഡിന് പുറമെ വൈറസ് സംബന്ധമായ എല്ലാ രോഗങ്ങൾക്കും ഈ യന്ത്രത്തിലൂടെ രോഗ നിർണയം നടത്താം.

നേരത്തെ കൊവിഡ് പരിശോധനാ ഫലത്തിന് ആറ് മണിക്കൂർ വേണ്ടി വരുമായിരുന്നു. കുറഞ്ഞ സമയം കൊണ്ട് കൂടുതൽ പേർക്ക് രോഗപരിശോധന നടത്താം എന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. 24 സാമ്പിളുകൾ ഒരേ സമയം പരിശോധിക്കാം. ഇതോടൊപ്പം പി. എം ഫൗണ്ടേഷൻ ചാരിറ്റബിൾ ട്രസ്റ്റ് മെഡിക്കൽ കോളേജിലെ ഐസോലേഷൻ ഐ.സി.യുകളിലേക്ക് നൽകിയ പ്രത്യേകതരം കട്ടിലുകളായ 10 ഐ.സി.യു കോട്ടുകളുടെ സമർപ്പണവും ടി.എൻ പ്രതാപൻ എം.പി നിർവഹിച്ചു. കൊവിഡ് രോഗികൾക്ക് മാത്രമായി 9, 10, 11 വാർഡുകളിലുള്ള ഐസൊലേഷൻ ഐ.സി.യുവിലേക്ക് ടി.എൻ പ്രതാപൻ മുൻകൈയെടുത്താണ് ഒരു ലക്ഷം രൂപ വീതം വില വരുന്ന ഐ.സി.യു കോട്ടുകൾ നൽകിയത്. ടി.എൻ പ്രതാപന്റെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവ് ചെയ്ത് നിർമ്മിച്ചതാണ് ഐസോലേഷൻ ഐ.സി.യു. ജില്ലാ കളക്ടർ എസ്. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം.പി, അനിൽ അക്കര എം.എൽ.എ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. എം.എ ആൻഡ്രൂസ് എന്നിവർ സംസാരിച്ചു..