dfi
കുറുമാലി പുഴയിലെ തടസ്സങ്ങള്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ നീക്കുന്നു

വരന്തരപ്പിള്ളി: ജില്ലാ പഞ്ചായത്തും വരന്തരപ്പിള്ളി പഞ്ചായത്തും ചേർന്ന് നടപ്പാക്കുന്ന ജല പ്രയാണം പദ്ധതിയുടെ ഭാഗമായി ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുറുമാലി പുഴയിലെ തടസങ്ങൾ സന്നദ്ധ പ്രവർത്തനം വഴി നീക്കം ചെയ്തു തുടങ്ങി. കഴിഞ്ഞ വർഷങ്ങളിലുണ്ടായ പ്രളയങ്ങളിൽ കടപുഴകി ഒഴുക്കിന് തടസ്സമായി കിടന്ന പാഴ്മരങ്ങളാണ് സന്നദ്ധ പ്രവർത്തനത്തിലൂടെ നീക്കം ചെയ്തത്.

ചിമ്മിനി ഡാമിൽ നിന്നും ആരംഭിക്കുന്ന കുറുമാലിപ്പുഴയിൽ നൂറോളം മരങ്ങളാണ് കടപുഴകി കിടക്കുന്നത്. പുഴയിൽ പലയിടങ്ങളിലായി രൂപപ്പെട്ട തുരുത്തുകളും പുഴയുടെ സുഗമമായ ഒഴുക്കിന് തടസമായി. ഇതുമൂലം ചിലയിടങ്ങളിൽ പുഴ ഗതിമാറി ഒഴുകുന്ന സ്ഥിതിയാണ്. പുഴയുടെ ഒഴുക്ക് സുഗമമാക്കാൻ ജില്ലാ പഞ്ചായത്തും ഗ്രാമ പഞ്ചായത്തുകളും ചേർന്ന് പദ്ധതി ഏറ്റെടുത്തതോടെ പുഴകൾക്ക് പൂർവ സ്ഥിതി കൈവരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

യന്ത്ര സാമഗ്രികളുടെ സഹായത്തോടെയും നിരവധി സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയുമാണ് പുഴ വൃത്തിയാക്കുന്ന പ്രവർത്തനം നടക്കുന്നത്. സന്നദ്ധ പ്രവർത്തനം രണ്ടു ദിവസം കൂടി തുടരും. ഡി.വൈ.എഫ്.ഐ നേതാക്കളായ അഖിൽ ബാബു, ടി.എൻ. മനോഹരൻ, കെ.എസ്. ഫവാസ്, വിഷ്ണു നന്ദിപ്പുലം എന്നിവരുടെ നേതൃത്വത്തിൽ നൂറോളം പേരാണ് സന്നദ്ധ പ്രവർത്തനത്തിന് രംഗത്തുള്ളത്.