വടക്കെക്കാട്: സ്വകാര്യ ഗ്യാസ് ഏജൻസിയിൽ നടത്തിയ പരിശോധനയിൽ അഞ്ഞൂറിൽ പരം ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. വാഹനങ്ങളിൽ സൂക്ഷിച്ചിരുന്ന വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ ഉൾപ്പെടെ പൊലീസിന് കൈമാറി. മൂന്ന് ലേറികളും ഒരു പെട്ടി വണ്ടിയും 524 സിലിണ്ടറുകളുമാണ് അന്വേഷണ സംഘം പിടികൂടിയത്.
ഇൻഡേൺ ഗ്യാസ് ഏജൻസിയുടെ കണ്ണൂർ രജിസ്‌ട്രേഷനിലുള്ള രണ്ടു ലോറികളാണ് റോഡരികിൽ നിറുത്തിയിട്ട് വിൽപ്പന നടത്തിയിരുന്നത്. ഇതിൽ ഒരു ലോറിയിൽ ഒഴിഞ്ഞ സിലിണ്ടറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മലപ്പുറം ചേളാരിയിൽ നിന്ന് കണ്ണൂർ കണ്ടൻചിറയിലേക്ക് ഗ്യാസ് എത്തിക്കാനാണ് ലോറി പെർമിറ്റ് എടുത്തിട്ടുള്ളത്.
കണ്ണൂരുള്ള ഗ്യാസ് ഏജൻസിയിൽ വിൽപ്പനയ്‌ക്ക് എത്തിക്കേണ്ട സിലിണ്ടറുകളാണ് അനധികൃതമായി വടക്കേക്കാട് വച്ച് വിൽപ്പന നടത്തിയിരുന്നത്. കളക്ടർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർക്ക് പരിശോധന നടത്താൻ നിർദ്ദേശം ലഭിക്കുകയായിരുന്നു. അതീവ ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ഗ്യാസും അനുബന്ധ ഉപകരണങ്ങളും പൊതു സ്ഥലത് യാതൊരുവിധ സുരക്ഷയും ഇല്ലാതെയാണ് വിപണനം നടത്തുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ലോറികൾ പൊലീസിന് കൈമാറുകയും സിലിണ്ടറുകൾ മറ്റുള്ള ഏജൻസികൾക്ക് നൽകുമെന്നും ചാവക്കാട് താലൂക്ക് സപ്ലൈ ഓഫീസർ ജയദേവ് അറിയിച്ചു. അസിസ്റ്റന്റ് താലൂക്ക് റേഷനിങ് ഇൻസ്‌പെക്ടർമാരായ ബിനീഷ്, അഫ്രേൻ ഡെല്ലി, സൈമൺ, ഡെപ്യൂട്ടി തഹസിൽദാർ സുജയ്, സെയിൽസ് ടാക്‌സ് ഓഫീസർമാരും വടക്കേക്കാട് പൊലീസ് ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടന്നത്.