തൃശൂർ : രാജസ്ഥാൻ, മദ്ധ്യപ്രദേശ് സംസ്ഥാനങ്ങളിൽ രൂക്ഷമാകുന്ന വെട്ടുകിളി ആക്രമണം കേരളത്തിലുണ്ടാകാൻ സാദ്ധ്യതയില്ലെങ്കിലും ജാഗ്രത വേണമെന്ന് കാർഷിക സർവകലാശാല. ഇത് സംബന്ധിച്ച റിപ്പോർട്ട് സർവകലാശാല അധികൃതർ കൃഷിവകുപ്പിന് കൈമാറി. കേരളത്തിൽ അടുത്ത കുറച്ച് ദിവസങ്ങളായി ശക്തമായ ന്യൂനമർദ്ദവും തെക്കുപടിഞ്ഞാറൻ ദിശയിലെ കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനം ഉള്ളതിനാലാണ് വെട്ടുക്കിളി ബാധ കേരളത്തിലെത്താൻ സാദ്ധ്യതയില്ലെന്ന് വിലയിരുത്തുന്നതെന്ന് സർവകലാശാല അധികൃതർ പറയുന്നു.
നിലവിൽ വെട്ടുക്കിളികൾ നാഗ്പൂർ വരെയെത്തിയിട്ടുണ്ട്.
കേരളത്തിലെത്താനുള്ള സാദ്ധ്യത
അയൽസംസ്ഥാനങ്ങളായ തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിൽ എത്തിയാൽ അത് പാലക്കാട് ജില്ലയിലെ അതിർത്തി ഗ്രാമങ്ങളിലൂടെയാകാനാണ് സാദ്ധ്യതയെന്നും സർവകലാശാല റിപ്പോർട്ടിൽ പറയുന്നു. ഈ പഞ്ചായത്തുകൾ കാർഷിക മേഖലയായതിനാൽ നിരീക്ഷണം ശക്തമാക്കണമെന്നും മുന്നറിയിപ്പുണ്ട്. കൃഷി വകുപ്പിന് കീഴിലുള്ള വിള ആരോഗ്യ പരിപാലന പദ്ധതിയിലെ കീട നിരീക്ഷണ നടപടികൾ ശക്തിപ്പെടുത്തുകയും ഇതിന്റെ റിപ്പോർട്ടുകൾ കാർഷിക സർവകലാശാലയ്ക്ക് നൽകുകയും വേണമെന്ന് അറിയിച്ചിട്ടുണ്ട്.
മുൻകരുതൽ
ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനമെന്ന നിലയിൽ രാജസ്ഥാനിലും മഹാരാഷ്ട്രയിലും ചെയ്യുന്ന പൊലെ ഡ്രോണുകൾ ഉപയോഗിച്ചുള്ള കീടനാശിനി പ്രയോഗം നടക്കില്ല. എന്നാൽ പാലക്കാട്ടെ അതിർത്തി ഗ്രാമങ്ങളിൽ നെൽവയലുകളും തെങ്ങിൻതോട്ടങ്ങളായതിനാലും ഡ്രോൺ ഉപയോഗിക്കാമെന്നും പറയുന്നു.
ഉപകരണങ്ങൾ സജ്ജമാക്കണം
വെട്ടുകിളികൾ എത്തിയാൽ തുരത്തുന്നതിനായി യന്ത്രസാമഗ്രികൾ തയ്യാറാക്കണം. പ്രവർത്തനക്ഷമമല്ലാത്തത് റിപ്പയർ ചെയ്യണമെന്നും മുന്നറിയിപ്പുണ്ട്. കീടനാശിനി 4,000 ഏക്കർ സ്ഥലത്തിന് 2,000 ലിറ്റർ ആവശ്യമായി വരും. ആര്യവേപ്പിൽ അടങ്ങിയിട്ടുള്ള അസാഡിറാക്ടിൻ ഇവയെ വികർഷിക്കാൻ ഗുണപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
കേരളത്തിലെത്തിയത് 1954 ൽ
തെക്കുപടിഞ്ഞാറൻ കാറ്റ് ദുർബലമായ 1954 ലാണ് കേരളത്തിൽ വെട്ടുക്കിളികൾ എത്തിയിട്ടുള്ളത്. എന്നാൽ അന്ന് എത് തരത്തിലുള്ള നാശം ഉണ്ടായെന്ന് കണ്ടെത്തിയിട്ടില്ല.
...................
സർവ്വകലാശാല ശാസ്ത്രഞ്ജരും കാലാവസ്ഥ ഉദ്യോഗസ്ഥരും അടങ്ങുന്ന പ്രത്യേക ടീമിനെ ഇവയുടെ യാത്ര നിരീക്ഷിക്കാൻ തയ്യാറാക്കിയിട്ടുണ്ട്.
ഡോ. മധു സുബ്രഹ്മണ്യൻ, ഗവേഷണ വിഭാഗം മേധാവി