വലപ്പാട്: ചെമ്മാപ്പിള്ളിയിൽ വാടകക്ക് താമസിച്ചു വരുന്ന പ്രമേഹ രോഗിയായ മുല്ലക്കര കുഞ്ഞിത്താമി മകൻ പ്രകാശന് (55) വലപ്പാട് ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ തൃപ്രയാർ ബ്യൂട്ടി ഗ്രൂപ്പിന്റെ സഹകരണത്തോടെ വീൽചെയർ സൗജന്യമായി നൽകി. വലപ്പാട് എസ്.എച്ച്.ഒ സുമേഷ്, എസ്.ഐ അരിസ്റ്റോട്ടിൽ, എ.എസ്.ഐ നൂറുദ്ധീൻ വി.എ, സാമൂഹിക പ്രവർത്തകരായ ഷെമീർ എളേടത്ത്, ജയൻ ബോസ്, സന്തോഷ് കാളക്കൊടുവത്ത്, ബ്യൂട്ടി ഗ്രൂപ്പ് പി.ആർ.ഒ പ്രസാദ്, മെഡിക്കൽ ഓഫീസർ ഡോ: ഫാത്തിമ സുഹറ തുടങ്ങിയവർ സന്നിഹിതരായി.

പത്ത് വർഷത്തോളമായി പ്രമേഹ രോഗിയായ പ്രകാശന്റെ ഇരുകാലുകളിലേയും മൂന്ന് വീതം വിരലുകൾ അഞ്ച് വർഷങ്ങൾക്ക് മുൻപ് മുറിച്ചു മാറ്റിയിരുന്നു.
അതോടെ മരപ്പണിക്കാരനായ പ്രകാശന് ജോലിക്ക് പോകാൻ കഴിയാതെയായി. ഇതോടെ ഈ കുടുംബത്തിന്റെ ഭാവിയും ചോദ്യചിഹ്നമായി. പിന്നീട് പ്രകാശനും കുടുംബവും കാലങ്ങളായി വാടക വീടുകളിൽ മാറി മാറി കഴിയുകയാണ്. പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന മകൻ തുടർപഠനം ഉപേക്ഷിച്ച് എ.സി മെക്കാനിക്കിന് ചേർന്നു. അതിലൂടെ കിട്ടുന്ന വരുമാനത്താൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനും അച്ഛന്റെ തുടർ ചികിത്സക്കും സാധിക്കാത്ത അവസ്ഥയാണ്. പ്രകാശന്റെ ഭാര്യ ബേക്കറിക്കടയിൽ ജോലിക്ക് പോയിരുന്നതും ലോക്ക്ഡൗൺ ആയതോടെ നിറുത്തിവെക്കേണ്ടി വന്നു. സ്വന്തമായി ഒരു സെന്റ് ഭൂമിയെങ്കിലും ലഭിച്ചാൽ അതിലൊരു വീട് വച്ച് ജീവിക്കണമെന്നതാണ് ഈ കുടുംബത്തിന്റെ ആഗ്രഹം.
മൂന്നു മാസത്തോളമായി വലപ്പാട് ഗവ: ആശുപത്രിയിലാണ് പ്രകാശന് ചികിത്സ നടത്തി കൊണ്ടിരിക്കുന്നത്. ഇപ്പോൾ പ്രകാശന്റെ കാലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് പഴുപ്പ് ബാധിച്ചിരിക്കുകയാണ്. കാൽപാദത്തിന്റെ കുറച്ച് ഭാഗം കൂടി ഉടനെ മുറിച്ച് മാറ്റേണ്ടതിനാൽ പ്രകാശനെ തൃശൂർ മുളങ്കുന്നത്ത്കാവ് മെഡിക്കൽ കോളേജിലേക്ക് മാറ്റും.

മെഡിക്കൽ കോളേജിലെ ചികിത്സക്ക് ശേഷം തിരിച്ച് വരുന്ന പ്രകാശന്റെ തുടർ ചികിത്സക്കാവശ്യമായ മരുന്നുകളും മറ്റു സഹായങ്ങളും എത്തിച്ചു നൽകാൻ ശ്രമിക്കുമെന്ന് വലപ്പാട് എസ്.എച്ച്.ഒ സുമേഷ് അറിയിച്ചു.