mannu
എടത്തിരുത്തി പഞ്ചായത്തിലെ മഠത്തിക്കുളം പൊതുകുളത്തിലെ മണ്ണ്

കയ്പമംഗലം: പൊതുകുളത്തിലെ മണ്ണ് സ്വകാര്യ വ്യക്തിക്ക് നൽകിയെന്ന് ആക്ഷേപം. എടത്തിരുത്തി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ മഠത്തിക്കുളം കോളനിയിലെ പഞ്ചായത്തിന്റെ അധീനതയിലുള്ള പൊതുകുളത്തിൽ നിന്നും ശുചീകരണ പ്രവർത്തിയുടെ ഭാഗമായി നീക്കം ചെയ്ത ഏകദേശം നാല് ലോഡ് വരുന്ന പൂഴി മണ്ണാണ് നീക്കം ചെയ്യാൻ ശ്രമിച്ചതെന്നാണ് ആക്ഷേപം. പഞ്ചായത്തിന്റെ യാതൊരു അനുമതിയുമില്ലാതെ സ്വകാര്യ വ്യക്തി മൂന്ന് തൊഴിലാളികളെ നിറുത്തി എടുക്കാൻ ശ്രമിച്ചെന്നാണ് പറയുന്നത്. നിരവധി തൊഴിലുറപ്പ് തൊഴിലാളികൾ ആഴ്ചകളോളം പണിയെടുത്താണ് ഇത്രയും മണ്ണ് കരയിലെത്തിച്ചത്. എന്നാൽ പഞ്ചായത്ത് കുളമായതിനാൽ പഞ്ചായത്തിന്റെ രേഖാ മൂലം അനുമതി ലഭിച്ചതിനു ശേഷം മാത്രമാണ് മണ്ണ് നീക്കം നീക്കം ചെയ്യാൻ പാടുള്ളൂ.
അല്ലെങ്കിൽ പഞ്ചായത്ത് നടപടി ക്രമങ്ങളായി പഞ്ചായത്തിൽ നിന്നും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥർ വന്ന് മണ്ണിന്റെ അളവ് കണക്കാക്കുകയും വില നിശ്ചയിക്കുകയും ചെയ്ത് പഞ്ചായത്ത് ഭരണസമിതിയിൽ അംഗീകാരം നേടിയതിന് ശേഷം പഞ്ചായത്ത് ഉദ്യോഗസ്ഥന്റെ സാന്നിദ്ധ്യത്തിൽ പരസ്യമായി ലേലം ചെയ്യണം. ഇതിന് ലഭിക്കുന്ന തുക പഞ്ചായത്ത് പ്രവർത്തി ദിവസത്തിൽ അടച്ച് പഞ്ചായത്ത് സെക്രട്ടറിയുടെ അനുമതിയോടെ മാത്രമെ മണ്ണ് എടുക്കുവാൻ കഴിയുകയുള്ളുവെന്ന് നാട്ടുകാരും വ്യക്തമാക്കി.

....................................

പഞ്ചായത്ത് മെമ്പറുടെ മൂക്കിനു താഴെ നടന്ന ഈ പ്രവൃത്തിയിൽ അഴിമതി നടന്നിരിക്കാമെന്ന് സംശയിക്കുന്നു. എടത്തിരുത്തി പഞ്ചായത്ത് അടിയന്തിരമായി ഇതിനെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥർക്ക് രേഖാ മൂലം പരാതി നൽകും.
- കോൺഗ്രസ് അഞ്ചാം വാർഡ് കമ്മിറ്റി നേതാക്കൾ

..........................
മണ്ണ് എടുക്കാൻ ആർക്കും അനുമതി നൽകിയിട്ടില്ല. കുളത്തിലെ മണ്ണ് എടുത്തുവെന്ന് അറിഞ്ഞപ്പോൾ തിരികെ കൊണ്ട് ഇടാൻ കർശനം നിർദ്ദേശം നൽകി. മണ്ണ് തിരിച്ചുകൊണ്ട് ഇട്ടു തുടങ്ങി. ഇതിനെ കുറിച്ച് വ്യക്തമായി അന്വേഷിക്കും. നിയമാനുസൃതം ലേലത്തിലുടെ മാത്രമേ മണ്ണ് വിൽക്കുകയുള്ളൂ.

- പഞ്ചായത്ത് സെക്രട്ടറി

വെള്ള പൊക്ക മേഖലയായതിനാൽ കോളനിയിൽ വെള്ളം കയറുന്ന ഒരു കുടുംബം മണ്ണ് ആവശ്യപെട്ടപ്പോൾ ഏകദേശ വിലയായ 10,000 രൂപക്ക് മണ്ണ് നൽകി. ആ പണം വാർഡിലെ വെള്ളം ഒഴുകി പോകാൻ ഓവുവെക്കുന്നതിന് ഉപയോഗിക്കും. അത് ഭരണ സമിതിയെയും പഞ്ചായത്ത് സെക്രട്ടറിയെയും അറിയിക്കും.

- പഞ്ചായത്തംഗം