തൃശൂർ: ചാലക്കുടി അടിപ്പാത നിർമ്മാണം വൈകുന്നതുമായി ബന്ധപ്പെട്ട് നാഷണൽ ഹൈവേ അതോറിറ്റിക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ്. അടിപ്പാത നിർമ്മാണത്തിന്റെ നിലവിലുള്ള സ്ഥിതി വിലയിരുത്തിയ ശേഷം സംസ്ഥാന സർക്കാറിനും റിപ്പോർട്ട് നൽകും. മേയ് 31 നകം പണി പൂർത്തിയാക്കും എന്ന വ്യവസ്ഥയിലാണ് അടിപ്പാത നിർമ്മാണം. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം സ്തംഭിച്ച അവസ്ഥയിലാണ്. ചാലക്കുടി റസ്റ്റ് ഹൗസിൽ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ചാലക്കുടി - മാള റോഡിലെ സിഗ്നൽ സംവിധാനം നിറുത്തലാക്കുന്നതിന്റെ ഭാഗമായാണ് അടിപ്പാത നിർമ്മാണം ആരംഭിച്ചത്. നാലുവരിപ്പാത വന്നതോടെ മുനിസിപ്പൽ ജംഗ്ഷനിൽ അപകടം വർദ്ധിച്ചിരുന്നു. 15 ദിവസത്തിനകം പണി പുനരാരംഭിക്കാൻ ശ്രമിക്കാമെന്ന് കരാർ കമ്പനി പ്രതിനിധികൾ യോഗത്തെ അറിയിച്ചു. ബി. ഡി ദേവസി എം. എൽ. എ, മുനിസിപ്പൽ ചെയർപേഴ്സൺ ജയന്തി പ്രവീൺ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു..