കൊടുങ്ങല്ലൂർ: കാലവർഷം ആരംഭിച്ച് പ്രളയം വരികയാണെങ്കിൽ ജനങ്ങളെ നേരത്തെ തന്നെ ദുരന്തവിവരം അറിയിച്ച് സുരക്ഷിത സ്ഥാനങ്ങളിലെത്തിക്കാനും ദുരന്തനിവാരണ മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിക്കുവാനും കൊടുങ്ങല്ലൂർ നഗരസഭ സജ്ജമായതായി നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ അറിയിച്ചു. ഇതിൻ്റെ ഭാഗമായി നഗരസഭയിൽ കൺട്രോൾ റൂം ആരംഭിച്ചു. ഫോൺ: 9946730885
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സാമൂഹിക സന്നദ്ധ സംഘടനകളുടെ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് മുന്നൊരുക്കങ്ങൾക്ക് രൂപരേഖയായത്. പഴകിയ ദുർബലമായ കെട്ടിടങ്ങൾ, വീഴാറായ മരങ്ങൾ, പരസ്യബോർഡുകൾ, വൈദ്യുത പോസ്റ്റുകൾ എന്നിവ കണ്ടെത്തി നീക്കം ചെയ്യുന്നതിനും യോഗം തീരുമാനിച്ചു. ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്. കൈസാബ്, ശോഭാ ജോഷി, വി.ജി. ഉണ്ണിക്കൃഷ്ണൻ, വി.എം. ജോണി, നഗരസഭാ സെക്രട്ടറി ടി.കെ. സുജിത്, കെ.വി. ഗോപാലകൃഷ്ണൻ, കെ.എം. ബേബി, എം.ജി. പുഷ്പാകരൻ, യൂസഫ് പടിയത്ത്, ഡിൽഷൻ കൊട്ടേക്കാട്ട്, നൗഷാദ്, വി. മനോജ് തുടങ്ങിയവർ സംസാരിച്ചു.
വാർഡ് തലത്തിൽ ജൂൺ 3, 4 തിയതികളിൽ വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്ന് വളണ്ടിയർമാരെ തിരഞ്ഞെടുക്കും. സുരക്ഷിത കേന്ദ്രങ്ങൾ കണ്ടെത്താനും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുവാനും സൂക്ഷ്മതല ആസൂത്രണം ഈ യോഗങ്ങളിൽ നടത്തും.
........................
പ്രാധാന മുന്നൊരുക്കങ്ങൾ
ഓരോ വാർഡിലും മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നതിന് 10 പേരടങ്ങുന്ന ദുരന്ത പ്രതികരണ സേന രൂപീകരിക്കും
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രതിനിധികളെ സേനയിൽ ഉൾപ്പെടുത്തും
താഴ്ന്ന പ്രദേശങ്ങൾ കണ്ടെത്താനും ഇരയാകുവാൻ സാധ്യതയുള്ള കിടപ്പ് രോഗികൾ, ഗർഭിണികൾ, വയോധികർ, ഭിന്നശേഷിക്കാർ എന്നിവരുടെ വിവരശേഖരണവും ഉടൻ
ദുരന്ത അറിയിപ്പുകൾ സമയാസമയങ്ങളിൽ നൽകുന്നതിനും ക്യാമ്പുകൾ സജ്ജമാക്കുന്നതിനും പശ്ചാത്തല സംവിധാനങ്ങൾ, ടോയ്ലറ്റുകൾ എന്നിവ ഒരുക്കുന്നതിനും പ്രഥമ ശുശ്രൂഷകൾ, ഭക്ഷണം എന്നിവ നൽകുന്നതിനും മുനിസിപ്പൽ തലത്തിൽ പ്രത്യേക സംഘങ്ങൾ രൂപീകരിക്കും
വളണ്ടിയർമാർക്ക് പരിശീലനം നൽകും
......................
നഗരസഭാ കൺട്രോൾ റൂം നമ്പർ: 9946730885