ഗുരുവായൂർ: മീനുവിന്റെ സ്വപ്ന ഭവനം നാളെ കൈമാറും. ഗുരുവായൂർ നഗരസഭ 26-ാം വാർഡിൽ ഇരിങ്ങപ്പുറം മൈത്രി ജംഗ്ഷനിൽ പുന്നത്തൂർ വീട്ടിൽ വയോധികയായ മീനുവിന് സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിന്റെ താക്കോൽ നാളെ കൈമാറുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മീനുവും കുടുംബവും നിലവിൽ കഴിയുന്നത് ഓലയും പ്ലാസ്റ്റിക് ഷീറ്റുകളും കൊണ്ട് മേഞ്ഞ ഒരു ഷെഡ്ഡിലാണ്. മീനുവിന്റെ സങ്കടം കണ്ടറിഞ്ഞ സി.പി.ഐ ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ച് പ്രവർത്തകർ ഇവരുടെ വീടിന്റെ നിർമ്മാണം ഏറ്റെടുക്കാൻ തീരുമാനിക്കുകയായിരുന്നു. ചുറ്റുമതിലടക്കം മുഴുവൻ പണികളും തീർത്താണ് ഭവനം കൈമാറുന്നത്. നാളെ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ സംസ്ഥാന കൃഷി മന്ത്രി അഡ്വ. വി എസ്. സുനിൽകുമാർ മീനുവിന് സ്വപ്‌നഭവനത്തിന്റെ താക്കോൽ കൈമാറും.
സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനാകും. നഗരസഭാ ചെയർപേഴ്‌സൺ എം. രതി ടീച്ചർ മുഖ്യാതിഥിയാകും. ഗുരുവായൂർ ദേവസ്വം മെമ്പർ കെ. അജിത് വിശിഷ്ടാതിഥിയാകും. സി.പി.ഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീർ, മണ്ഡലം അസി. സെക്രട്ടറി സി.വി. ശ്രീനിവാസൻ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ തുടങ്ങിയവർ സംബന്ധിക്കും. ഗുരുവായൂർ നഗരസഭ വൈസ് ചെയർമാനും എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റുമായ അഭിലാഷ് വി. ചന്ദ്രൻ സെക്രട്ടറിയായുള്ള ഇരിങ്ങപ്പുറം വെസ്റ്റ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ലത്തീഫ് കുഞ്ഞിമോൻ കൺവീനറായുള്ള കമ്മിറ്റിയാണ് മീനുവിനായി സുന്ദര ഭവനം യാഥാർത്ഥ്യമാക്കിയത്.
വാർത്താ സമ്മേളനത്തിൽ നഗരസഭാ വൈസ് ചെയർമാൻ അഭിലാഷ് വി. ചന്ദ്രൻ, സി.പി.ഐ ഇരിങ്ങപ്പുറം ലോക്കൽ സെക്രട്ടറി കെ.കെ. ജ്യോതിരാജ്, ലത്തീഫ് കുഞ്ഞിമോൻ തുടങ്ങിയവർ സംബന്ധിച്ചു.