തൃശൂർ: നിർമ്മാണം ഭൂരിഭാഗവും പൂർത്തിയായ കുതിരാനിലെ ഒരു തുരങ്കപാത ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, ജില്ലാ കളക്ടർ എസ്. ഷാനവാസ് എന്നിവർ സന്ദർശിച്ചു. കാലവർഷക്കാലത്ത് കുതിരാൻ തുരങ്കപാത സഞ്ചാര യോഗ്യമാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഗവ. ചീഫ് വിപ്പ് അഡ്വ. കെ. രാജൻ പറഞ്ഞു.
ഫയർ ആൻഡ് സേഫ്റ്റിയുടെ അംഗീകാരം ലഭിക്കാനുണ്ട്. മരങ്ങൾ വന്നു വീഴാതിരിക്കാനുള്ള സുരക്ഷിതത്വ സംവിധാനം ഉണ്ടാക്കാൻ വേണ്ട നിർദ്ദേശം നൽകിയതായും ചീഫ് വിപ്പ് അറിയിച്ചു. ഒന്നോ രണ്ടോ ദിവസത്തെ പ്രവർത്തനം കൊണ്ട് കുതിരാനിലെ ഒരു തുരങ്കപാത പ്രവർത്തന യോഗ്യമാക്കാൻ കഴിയുമെന്ന് ജില്ലാ കളക്ടർ എസ്. ഷാനവാസ് പറഞ്ഞു. തുരങ്ക പാതയിലേക്ക് വീഴാൻ സാദ്ധ്യതയുള്ള ഏതാനും മരം മുറിച്ചുനീക്കാൻ അനുമതി നൽകി.
ലോക്ഡൗൺ കാലത്ത് ഗതാഗതം ഇല്ലാത്തത് മൂലം പാതയിലെ മരം മുറിക്കുന്ന പ്രവൃത്തി തടസമില്ലാതെ ചെയ്യാനായി. ജില്ലയിലെ ഏറെക്കാലത്തെ വലിയ പദ്ധതിയായ പഴയ കുതിരാൻ ദേശീയപാതയിലൂടെ പവർഗ്രിഡ് കോർപറേഷന്റെ ഭൂമിക്കടിയിലൂടെയുള്ള വൈദ്യുതി കേബിളിടൽ പ്രവൃത്തി ലോക് ഡൗൺ കാലത്ത് ഏതാണ്ട് പൂർത്തിയായതായി കളക്ടർ അറിയിച്ചു. 1800 കോടി രൂപ മുതൽ മുടക്കുള്ള ഈ പദ്ധതിയിലൂടെ നാല് വടക്കൻ ജില്ലകളിലെ വോൾട്ടേജ് ക്ഷാമം പൂർണമായി പരിഹരിക്കാൻ കഴിയും.