meeting
ജില്ലാ കളക്ടർ എസ്. ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ ചാലക്കുടിയിൽ നടന്ന യോഗം, ബെന്നി ബെഹന്നാൻ എം.പി, ബി.ദേവസി എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ ജയന്തി പ്രവീൺകുമാർ എന്നിവർ

ചാലക്കുടി: ദേശീയ പാതയിലെ ചാലക്കുടി അടിപ്പാതയുടെ നിർമ്മാണം 15 ദിവസത്തിനകം പുനരാരംഭിക്കാമെന്ന് കരാറുകാരായ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ കമ്പനി ഉദ്യോഗസ്ഥർ കളക്ടർ എ. ഷാനവാസിന് ഉറപ്പു നൽകി. ബെന്നി ബഹന്നാൽ എം.പി, ബി.ഡി. ദേവസി എം.എൽ.എ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു കമ്പനി വാക്കാൽ പുനർനിർമ്മാണത്തിന്റെ പുതിയ രീതി അവതരിപ്പിച്ചത്.

എന്നാൽ വ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്ന ജി.ഐ.പി.എൽ ഇതുവരെ നടത്തിയ നിർമ്മാണങ്ങളും കരാറിലെ ഗുരുതര വീഴ്ചകളും തൊട്ടടുത്ത ദിവസം ഹൈക്കോടതിയിൽ റിപ്പോർട്ടായി സമർപ്പിക്കുമെന്നും പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ കളക്ടർ വ്യക്തമാക്കി. ഹൈക്കോടതിയെയും കമ്പനി കബളിപ്പിച്ചെന്നും എൻ.എച്ച്.ഐയുടെ അലംഭാവവും നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമായെന്നും കളക്ടർ ചൂണ്ടിക്കാട്ടി.

എം.പി.യും എം.എൽ.എയും കമ്പനിക്കെതിരെ അതിരൂക്ഷമായ ഭാഷയിലാണ് സംസാരിച്ചത്. ഇനിയും വാക്കു പാലിച്ചില്ലെങ്കിൽ ടോൾ പ്ലാസ സ്തംഭിപ്പിക്കുന്നത് അടക്കമുള്ള സമര പരിപാടികൾ നടത്തുമെന്നും ജനപ്രതിനിധികൾ മുന്നറിയിപ്പ് നൽകി. ചാലക്കുടി നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, മേലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു എന്നിവരും യോഗത്തിൽ സംബന്ധിച്ചു. എൻ.എച്ച്.ഐ, കെ.എം.സി കമ്പനി പ്രതിനിധികളും പങ്കെടുത്തു. തുടർന്ന് കളക്ടറും സംഘവും നിർദ്ദിഷ്ട സ്ഥലവും സന്ദർശിച്ചു. മുരിങ്ങൂർ അടിപ്പാതയുടെ വെള്ളക്കെട്ട് ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള നടപടികൾക്കായും അദ്ദേഹം സ്ഥലം സ്ഥലത്തെത്തി.