ചാലക്കുടി: മുരിങ്ങൂർ ഡിവൈൻ നഗറിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് കളക്ടർ എ. ഷാനവാസ് ദേശീയപാത കരാർ കമ്പനിക്ക് നിർദ്ദേശം നൽകി. ദേശീയ പാതയുടെ കിഴക്കു ഭാഗത്തെ കാന വികസിപ്പിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കാനാണ് മേലൂർ പഞ്ചായത്തിന്റെ അഭ്യർത്ഥന മാനിച്ച് കളക്ടർ നിർദ്ദേശിച്ചത്. ഹൈവേയുടെ അടിയിലൂടെ കടന്നു പോകുന്ന കാന, അഗസ്ത്യ തിയ്യറ്റർ ഭാഗത്തെ പാടത്തു കടന്നാണ് പുഴയിലെത്തുന്നത്. ഇവിടെയുള്ള റോഡ്, കാന നിർമ്മാണത്തിന് തങ്ങളുടെ ചെലവിൽ പൊളിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ബാബു കളക്ടറെ അറിയിച്ചു. ഇതേത്തുടർന്നാണ് എത്രയും വേഗം പ്രശ്‌നം പരിഹരിക്കണമെന്ന് കളക്ടർ നിദ്ദേശിച്ചത്. ബെന്നി ബെഹന്നാൻ എം.പി, ബി.ഡി.ദേവസി എം.എൽ.എ എന്നിവരും സ്ഥലത്തെത്തിയിരുന്നു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. സുനിത, മുൻ പഞ്ചായത്ത് അംഗം എ.ഡി. സജി എന്നിവർ കളക്ടറെ വിവരങ്ങൾ ബോദ്ധ്യപ്പെടുത്താനെത്തിയിരുന്നു.