തൃശൂർ: കൊവിഡ് വ്യാപനത്തിനിടെ ഇന്ന് മുതൽ സ്പെഷ്യൽ സർവീസുകൾ തുടങ്ങുമ്പോൾ റെയിൽവേ സ്‌റ്റേഷനുകളിൽ ഒരുക്കുന്നത് കർശന പരിശോധനകളും സുരക്ഷാ ക്രമീകരണങ്ങളും. ആറ് ട്രെയിനുകൾ തൃശൂർ റെയിൽവേ സ്റ്റേഷനുകളിലൂടെ ഇന്ന് കടന്നുപോകും. യാത്രക്കാർ അതീവജാഗ്രതയും ശ്രദ്ധയും പുലർത്തണമെന്നാണ് ഉന്നത അധികൃതർ നൽകുന്ന മുന്നറിയിപ്പ്.
സ്റ്റേഷന്റെ ഉളളിലേക്ക് കടക്കാനും പുറത്തിറങ്ങാനുമുള്ള വിശദമായ മാർഗരേഖ സ്‌റ്റേഷനിൽ നിശ്ചയിച്ചിട്ടുണ്ട്. ട്രെയിൻ എത്തുന്നതിന് ഒന്നര മണിക്കൂർ മുമ്പ് യാത്രക്കാർ സ്‌റ്റേഷനിലെത്തണം. ബുക്ക് ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാൻ അനുവാദം നൽകുക. ട്രെയിൻ എത്തുന്നതിന് 15 മിനിറ്റ് മുമ്പ് പ്രവേശന ഗേറ്റ് അടയ്ക്കും. കോച്ചിന്റെ സ്ഥാനം, സമയവിവരം എന്നിവയടങ്ങിയ ബോർഡ് പ്രവേശന ഗേറ്റിനടുത്ത് ഒരുക്കിയിട്ടുണ്ട്. ട്രെയിനിൽ വന്നിറങ്ങുന്നവർക്ക് മാത്രമായി പ്രധാന കവാടം സജ്ജീകരിച്ചിട്ടുണ്ട്. ഇറങ്ങുന്ന പ്ലാറ്റ്‌ഫോമിൽ നിന്ന് പ്രധാന കവാടത്തിലെത്തിയാൽ അവിടെ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിക്കും. പനി ഉണ്ടെന്ന് സ്ഥിരീകരിച്ചാൽ നിരീക്ഷണത്തിലാക്കും. ട്രെയിൻ ഇറങ്ങിയാൽ അരമണിക്കൂറിനകം സ്‌റ്റേഷൻ പരിസരം വിടണം. സ്റ്റേഷനുള്ളിൽ ഭക്ഷണവും ലഭിക്കില്ല.
ഈ ഘട്ടം പിന്നിട്ട് യാത്ര
1. ഒന്നാം പ്ലാറ്റ്‌ഫോമിലെ പാഴ്‌സൽ ഓഫീസിനടുത്ത് തയ്യാറാക്കിയ ചെറിയ ഗേറ്റിലൂടെ പ്രവേശനം
2. സ്റ്റേഷനിൽ കയറിയാൽ ടി.ടി.ഇമാർ ടിക്കറ്റ് പരിശോധിച്ച ശേഷം ഹെൽപ് ഡെസ്‌കിലേക്ക്.
3. ആരോഗ്യപ്രവർത്തകർ തെർമൽ സ്‌കാനർ ഉപയോഗിച്ച് പരിശോധിച്ച് പനി ഇല്ലെന്ന് ഉറപ്പാക്കും.
4. യാത്രക്കാർ മാസ്‌ക്, സാനിറ്റൈസർ അടക്കമുള്ള പ്രതിരോധ മാർഗം പാലിക്കണം
5. പരിശോധന പൂർത്തിയാക്കിയാൽ കോച്ച് വരുന്ന സ്ഥാനത്ത് നിൽക്കണം.
ഇന്നത്തെ ട്രെയിൻ
കണ്ണൂർ - തിരുവനന്തപുരം ജനശതാബ്ദി: രാവിലെ 8.13ന്
തിരുവനന്തപുരം - കോഴിക്കോട് : രാവിലെ 10. 38ന്
എറണാകുളം - നിസാമുദീൻ : ഉച്ചയ്ക്ക് 2.12ന്
തിരുവനന്തപുരം - ലോക്മാന്യതിലക് : വൈകിട്ട് 3.27ന്
കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി : വൈകിട്ട് 3.43
തിരുവനന്തപുരം - കണ്ണൂർ രാത്രി 7.48ന്
...........
'' ജൂൺ നാലിന് ലോക്മാന്യതിലക് തിരുവനന്തപുരം നേത്രാവതിയും ആറിന് നിസാമുദ്ദീൻ എറണാകുളം മംഗളയും തൃശൂരിലെത്തും. സുരക്ഷയ്ക്കായുള്ള ഒരുക്കം പൂർത്തിയായി ''
മീനാംബാൾ, ചീഫ് ബുക്കിംഗ് സൂപ്പർവൈസർ, തൃശൂർ റെയിൽവേ സ്റ്റേഷൻ
...............
സ്പെഷ്യൽ ട്രെയിൻ വരുന്ന സാഹചര്യത്തിൽ ഇന്ന് മുതൽ റെയിൽവേ സ്റ്റേഷനിൽ ഇരുപതോളം ആരോഗ്യപ്രവർത്തകർ ആരോഗ്യസുരക്ഷ ഒരുക്കാനുണ്ടാകും. മൂന്ന് ഡോക്ടർമാരും നഴ്സുമാരും ഹെൽത്ത് ഇൻസ്പെക്ടർമാരും സംഘത്തിലുണ്ടാകും. പനിയുണ്ടെന്ന് കണ്ടാൽ യാത്രക്കാരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കും.
ഡോ. ടി.വി. സതീശൻ
ജില്ലാ പ്രോഗ്രാം മാനേജർ
ആരോഗ്യകേരളം