sluice
സ്ളൂയിസുകൾ

തൃശൂർ: പുഴയ്ക്കൽ മുതൽ ഏനാമാവ് വരെയുള്ള കെ.എൽ.ഡി.സി കനാലിന്റെ ഇരു ബണ്ടുകളിലുമുള്ള ഫ്ലഡ് ഔട്ട് ലെറ്റ് സ്ളൂയിസുകൾ മുഴുവനും തുറന്നിട്ട ശേഷം ജൂൺ ഒന്നിന് റിപ്പോർട്ട് നൽകണമെന്ന് നിർദ്ദേശിച്ചെങ്കിലും തുറന്നത് പേരിനു മാത്രം. ജില്ലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രി വി.എസ് സുനിൽ കുമാറിന്റെ നിർദ്ദേശപ്രകാരം മുഖ്യ കൃഷി ഓഫീസറാണ് ബന്ധപ്പെട്ട കൃഷി ഡയറക്ടർമാർക്കും ഓഫീസർമാർക്കും വിശദമായ ഉത്തരവ് നൽകിയത്. മുൻ വർഷങ്ങളിൽ ഈ സ്ളൂയിസുകൾ തുറക്കാത്തതാണ് തുടർച്ചയായ വെള്ളക്കെട്ടിന് ഒരു പ്രധാന കാരണമായതെന്ന് അധികൃതർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതിനാൽത്തന്നെ ഇവ തുറക്കുന്നതിന്റെ പ്രാധാന്യം വിശദമാക്കുന്ന ഉത്തരവാണ് മുഖ്യകൃഷി ഓഫീസർ നൽകിയത്. മഴക്കാലം പടി വാതിൽക്കലെത്തിയിട്ടും സ്ളൂയിസുകൾ തുറക്കാത്തത് ജനങ്ങളിൽ പരിഭ്രാന്തിയുയർത്തിയിട്ടുണ്ട്. മുൻ വർഷങ്ങളിലെ വെള്ളക്കെട്ട് ദുരന്ത ബാധിതരുടെ പ്രതിനിധികളായ അയ്യന്തോൾ ഉദയനഗർ റെസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറി ധീരജ്, പെരിങ്ങാവ് രാജീവ് ഗാർഡൻ റസിഡന്റ്സ് അസോസിയേഷനിലെ ജയൻ തോമസ് എന്നിവരാണ് ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടിയത്.