തൃശൂർ: കൊവിഡ് കാലം, പ്രവേശനോത്സവങ്ങളോട് സുല്ലിടുമ്പോഴും ഓൺലൈൻ ക്ളാസുകളുടെ അനന്ത സാദ്ധ്യതയിലേക്ക് കൂടി വഴിതുറക്കുന്നു. സ്കൂളുകൾ തുറക്കാതെ, 3,43,367 കുട്ടികൾക്കായി ഓൺലൈൻ ക്ളാസുകൾ ഇന്ന് ജില്ലയിൽ തുടങ്ങും. ഇതിൽ രണ്ടു ശതമാനം കുട്ടികൾക്ക് ഫോണും ടി.വിയും ഇല്ലെന്നാണ് സമഗ്ര ശിക്ഷാ കേരളം ജില്ലാ അധികൃതർ വിശദീകരിക്കുന്നത്. ആദ്യ ആഴ്ച പരീക്ഷണ അടിസ്ഥാനത്തിലാകും ക്ളാസുകൾ. ആഴ്ചയവസാനം പുന:സംപ്രേഷണവും ഉണ്ടാകും.

10,019 കുട്ടികളാണ് അടിസ്ഥാനസൗകര്യം ഇല്ലാത്തവരായി ജില്ലയിൽ ഉള്ളത്. തദ്ദേശസ്ഥാപനങ്ങൾ വാർഡ് തലത്തിൽ നടത്തിയ സർവേയിൽ 14,000 ൽ അധികം കുട്ടികൾക്ക് ഓൺലൈൻ പഠനസൗകര്യം ഇല്ലെന്നാണ് കണ്ടെത്തിയത്. തുടർന്ന് ക്ലാസ് അദ്ധ്യാപകർ മുഖേന നടത്തിയ സർവേയിലാണ് പുതിയ കണക്ക് ലഭിച്ചത്. സൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് അനുയോജ്യമായ സ്ഥലത്ത് സംഘമായി പഠിക്കുന്നതിനുള്ള സൗകര്യം ഒരുക്കും. ലോക്ക് ഡൗൺ പെരുമാറ്റച്ചട്ടം ലംഘിക്കാതെ വിവിധ ക്ലാസുകളിലെ കുട്ടികൾക്ക് വിവിധ സമയങ്ങളിൽ നടക്കുന്ന ഒാൺലൈൻ ക്ലാസുകൾ വിക്ടേഴ്സ് ചാനലിലൂടെ കാണാനാകും.

ഇതിനായി കമ്യൂണിറ്റി ഹാളുകളും വായനശാലകളും ഉപയോഗപ്പെടുത്തും. ആദിവാസി ഊരുകളിലെ കുട്ടികൾക്കായും സൗകര്യം ഏർപ്പെടുത്തിക്കഴിഞ്ഞു. കൊടകര ശാസ്താംപൂവം ആദിവാസി കോളനിയിൽ ഫോണും ടി.വിയും വീട്ടിൽ ഇല്ലാത്ത കുട്ടികൾക്കായി കോളനിയിലെ കമ്യൂണിറ്റി ഹാളിൽ ക്ലാസും ഒരുക്കും. വെറ്റിലപ്പാറ ആദിവാസി കോളനിയിലെ കുട്ടികൾക്കായും സമാനരീതിയിൽ തന്നെ ക്ലാസ് ഒരുക്കും. എന്നാൽ മലക്കപ്പാറയിൽ ഓൺലൈൻ ക്ലാസ് സൗകര്യം ഒരുക്കാനായിട്ടില്ല. അവിടെ എന്ത് നടപടി സ്വീകരിക്കണം എന്ന കാര്യത്തിൽ തിങ്കളാഴ്ച നടക്കുന്ന അവലോകന യോഗത്തിൽ തീരുമാനം എടുക്കും.

ജനപ്രതിനിധികളും തദ്ദേശ സ്ഥാപനങ്ങളും വിവര സാങ്കേതിക സൗകര്യമില്ലാത്ത കുട്ടികൾക്ക് ജനകീയമായി ഇത് സംഘടിപ്പിച്ച് നൽകാനുള്ള ശ്രമത്തിലാണെന്ന് അധികൃതർ വ്യക്തമാക്കി. കൈറ്റ് ഒരുക്കുന്ന വിക്ടേഴ്സ് ചാനൽ നിലവിൽ ആറു ചാനലുകളിലാണ് ലഭിക്കുന്നത്. ബാക്കി ചാനലുകൾ ജൂൺ ഒന്ന് മുതൽ ചാനൽ ലഭ്യമാക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വിക്ടേഴ്സ് ചാനൽ ലഭിക്കുന്നവ

വിഡിയോകോൺ ഡി2എച്ച് - 642

ഡിഷ് ടി.വി - 642

ഏഷ്യനെറ്റ് ഡിജിറ്റൽ - 411

ഡെൻ നെറ്റ്‌വർക്ക് - 639

കേരള വിഷൻ - 42

സിറ്റി ചാനൽ - 116

ആകെ വിദ്യാർത്ഥികൾ

3,43,367 കുട്ടികൾ

അടിസ്ഥാന സൗകര്യം ഇല്ലാത്തവർ 10,019

ശതമാനത്തിൽ 2