ചേർപ്പ്: മഴക്കാലത്തിന് മുൻപേ കരുവന്നൂർ പുഴയോട് ചേർന്ന എട്ടു മന ഇല്ലിക്കൽ ഡാമിന്റെ ഷട്ടറുകൾ തുറക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം ശക്തം. വർഷങ്ങളായി ഡാമിന്റെ 15 ഷട്ടറുകളും അറ്റകുറ്റപ്പണി നടത്തി മഴക്കാല ആരംഭത്തിൽ തുറന്നിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടാറുണ്ടെങ്കിലും ഫലമുണ്ടാകാറില്ല. കഴിഞ്ഞ പ്രളയകാലത്ത് ഷട്ടറുകൾ തുറക്കാനാകാതെ വന്നിരുന്ന അഗ്‌നി രക്ഷാ സേനയാണ് അന്ന് ഷട്ടറുകൾ തുറക്കാൻ സഹായം നടത്തിയത്. ഡാമിന്റെ ഷട്ടറുകൾ ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ട് ഇല്ലിക്കൽ ബണ്ട് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ഡാം പരിസരത്ത് ഇന്നലെ പ്രതിഷേധ സമരം നടത്തി. പഞ്ചായത്ത് അംഗം കെ.ആർ. സിദ്ധാർത്ഥൻ, കുട്ടികൃഷ്ണൻ നടുവിൽ, അഡ്വ. കെ.എം. ഷാജി, ദിലീഷ് എട്ടു മന, സി.എസ്. സുനിൽ എന്നിവർ നേതൃത്വം നൽകി.