ചാലക്കുടി: ഭരണ സമിതിയെ തെറ്റിദ്ധരിച്ച് തച്ചുടപറമ്പ് പാടശേഖരത്തിൽ വാർഡ് കൗൺസിലർ അനധികൃതമായി തുടങ്ങിയ റോഡ് നിർമ്മാണം പൊളിച്ചു നീക്കുമെന്ന് നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പാടശേഖരത്തെ ഇരട്ടച്ചിറ കുളം നവീകരിക്കുന്നതിനാണ് 30-ാം വാർഡ് കൗൺസിലർ ഷിബു വാലപ്പൻ പദ്ധതി സമർപ്പിച്ചത്. അഞ്ചു ലക്ഷം രൂപ ഇതിനായി അനുവദിച്ചു. എന്നാൽ 15 ലക്ഷത്തോളം രൂപ ചെലവിൽ റോഡ് നിർമ്മാണമാണ് അവിടെ നടന്നത്. ഇതിന് പിറകിൽ ഭൂമാഫിയയുടെ കൈകളുണ്ടെന്ന് സംശയിക്കുന്നുവെന്നും ഭരണ സമിതി ചൂണ്ടിക്കാട്ടി.
കുളം നവീകരണം എന്ന പേരിൽ പദ്ധതിക്ക് അംഗീകാരം വാങ്ങിയ ശേഷം ഇതിൽ മാറ്റം വരുത്തിയതിന് പിന്നിൽ ഉദ്യോഗസ്ഥരുടെ പങ്കും ഉണ്ടായെന്ന് സംശയിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രസ്തുത വിഷയത്തിൽ വിജിലൻസ്, വകുപ്പു തല അന്വേഷണങ്ങൾക്ക് കൗൺസിൽ തീരുമാനിച്ചതെന്നും വ്യക്തമാക്കി.
തെറ്റിദ്ധാരണയുടെ പുറത്താണെങ്കിലും സംഭവത്തിൽ നഗരസഭയ്ക്ക് വീഴ്ചയുണ്ടായി. ഇതിനു പരിഹാരമായാണ് അനധികൃത നിർമ്മാണം പൊളിച്ചു മാറ്റുന്നത്. ഇതിൽ രാഷ്ട്രീയ പകപോക്കലില്ലെന്നും ചെയർപേഴ്‌സനും വൈസ് ചെയർമാനും തുടർന്നു പറഞ്ഞു. അനധികൃത നിർമ്മാണം ഭാഗികമായി നേരത്തെ പൊളിച്ച ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ നൽകിയ പരാതി പിൻവലിക്കാൻ കത്തു നൽകിയിട്ടുണ്ട്.
പ്രദേശത്ത് മറ്റൊരു റോഡിന്റെ ആവശ്യമില്ലെന്നും വാർത്താ സമ്മേളനത്തിൽ നഗരസഭാ ചെയർപേഴ്‌സൺ ജയന്തി പ്രവീൺകുമാർ, വൈസ് ചെയർമാൻ വിൽസൺ പാണാട്ടുപറമ്പിൽ എന്നിവർ അറിയിച്ചു. ചെയർപേഴ്‌സന്റെ ചേംബറിൽ നടന്ന വാർത്താ സമ്മേളനത്തിൽ പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ യു.വി. മാർട്ടിൻ, പാർലമെന്ററി പാർട്ടി ലീഡർ പി.എം. ശ്രീധരൻ, കൗൺസിലർ ഉഷ പരമേശ്വരൻ എന്നിവരും പങ്കെടുത്തു.