ചാലക്കുടി: ഭൂമി കൈയേറ്റക്കാർക്കെതിരെ പച്ചക്കറി കൃഷിയാൽ പ്രതിരോധം തീർത്ത് മേലൂർ സാൻജോ നഗറിലെ റെസിഡന്റ്സ് അസോസിയേഷൻ. റോസ് അവന്യു റെസിഡന്റ്സ് അസോസിഷനാണ് ഒഴിഞ്ഞുകിടക്കുന്ന പറമ്പുകളിൽ കൃഷിയിറക്കലിന് തുടക്കമിട്ടത്. 80 സെന്റ് സ്ഥലത്ത് കപ്പ, വാഴ തുടങ്ങിയവയാണ് പ്രധാനമായും സ്ഥാനം പിടിക്കുക. മത്ത, കുമ്പളം, വെണ്ട തുടങ്ങിയ മറ്റിനങ്ങളും നട്ടുവളർത്തും.
കുളത്തിലേക്കുള്ള വഴിയെന്ന വ്യാജേന ഇവിടെ ഒഴിഞ്ഞു കിടക്കുന്ന 22 സെന്റ് സ്ഥലത്തെ കമ്പിവേലി തകർത്ത സംഭവം വിവാദമായിരുന്നു. താഴെയുള്ള പഞ്ചായത്ത് കുളത്തിലേക്ക് വഴി വേണമെന്ന സ്വകാര്യ വ്യക്തിയുടെ ആവശ്യം ചാലക്കുടി മുൻസിഫ് കോടതി തള്ളിയിരുന്നു. കോടതി വിധി നിലനിൽക്കെ ഭൂമിയിൽ കൈയ്യേറ്റം നടത്തിവർക്കെതിരെ കൊരട്ടി പൊലീസ് കേസെടുക്കുകയും ചെയ്തു. ഇതോടെയാണ് പച്ചക്കറി കൃഷിയാൽ പ്രതിരോധം തീർക്കാൻ 15 കുടുംബങ്ങൾ തീരുമാനം എടുത്തത്.
വാഴക്കന്ന് നട്ട് പ്രസിഡന്റ് ഡിനോ ജേക്കബ്ബ് ഉദ്ഘാടനം ചെയ്തു. കൊവിഡ് മാരിയുടെ പശ്ചാത്തലത്തിൽ സ്വന്തം ഭൂമിയിൽ കൃഷി വേണമെന്ന സർക്കാർ നിർദ്ദേശവും തങ്ങളുടെ സംരംഭത്തിൽ ഉൾപ്പെടുന്നുവെന്ന് സെക്രട്ടറി റോബിൻ കല്ലുങ്ങൽ പറഞ്ഞു. പ്രസിഡന്റ് ഡിനോ ജേക്കബ്ബാണ് ദൗത്യത്തിന്റെ മുൻ നിരയിൽ. പാരമ്പര്യ കർഷകരായ പൗലോസ് പണിക്കപ്പറമ്പിൽ, ബിനോയ് ജോയ്, ജോർജ്ജ് തുടങ്ങിയവർ മാർഗ്ഗ നിർനിർദ്ദേശങ്ങളുമായി ഒപ്പമുണ്ട്.