ആമ്പല്ലൂർ: ജില്ലയിലെ ഏറ്റവും വലിയ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അളഗപ്പമിൽ അടച്ചു പൂട്ടാൻ ലോക്ക് ഡൗണിന്റെ മറവിൽ നടക്കുന്ന നീക്കം ഉപേക്ഷിക്കണമെന്ന് അളഗപ്പ ടെക്‌സ്‌റ്റൈൽസ് വർക്കേഴ്‌സ് യൂണിയൻ എ.ഐ.ടി.യു.സി യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 300 സ്ഥിരം തൊഴിലാളികൾക്കും അത്രതന്നെ ദിവസവേതന തൊഴിലാളികൾക്കും തൊഴിൽ നൽകി നൂറുകണക്കിന് കുടുംബങ്ങളുടെ ഉപജീവന സ്രോതസായ അളഗപ്പ മിൽ വിവിധ മേഖലകൾക്ക് നൽകുന്ന സംഭാവനകൾ വലുതാണ്.

കഴിഞ്ഞ തവണ മാത്രം മൂന്നുകോടി രൂപ ജി.എസ്.ടി ഇനത്തിലും കോടിക്കണക്കിന് രൂപ വിവിധ നികുതികളുടെ ഇനത്തിലും, തൊഴിൽ നികുതിയും, വൈദ്യുതി തുകയും നൽകുകയും ചെയ്യുന്നുണ്ട്. മറ്റ് ചെറുകിട വ്യവസായ സംരംഭങ്ങൾക്കും വനിതാ സംരംഭക കൂട്ടായ്മകൾക്കും ഉപതൊഴിലുകൾക്ക് ആശ്രയം കൂടിയാണ് മിൽ. സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഇടപെടുന്ന എൻ.ടി.സി മിൽ അടച്ചുപൂട്ടിയാൽ വിവിധ തൊഴിൽ മേഖലകളുടെ തകർച്ച കൂടിയുണ്ടാകും.

അതിനാൽ നൂറുശതമാനം കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ അളഗപ്പ മിൽ പൂർണമായും തുറന്ന് പ്രവർത്തിപ്പിക്കാൻ കേന്ദ്രസർക്കാർ സത്വര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, കേന്ദ്ര ടെക്‌സ്‌റ്റൈൽസ് വകുപ്പ് മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, സംസ്ഥാന തൊഴിൽ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം നൽകാൻ യൂണിയൻ യോഗം തീരുമാനിച്ചു.
കേരള ടെക്‌സ്‌റ്റൈൽസ് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് വി.എസ്. പ്രിൻസ് യോഗം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി കെ. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. കെ.കെ. ഹരിദാസ്, ഇ. സുരേഷ് കുമാർ, എൻ.ടി. ജയിൻ, എൻ.എസ്. ഗാപി, വിനീത സുഗുണൻ, സാന്റോ ആന്റണി, ഇ.ജി. സുനിത, പി.യു. ഹരികൃഷ്ണൻ, ലീന ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.