ചാലക്കുടി: ജില്ലയിലെ മികച്ച ഗ്രന്ഥശാലകളിലൊന്നായ അന്നനാട് ഗ്രാമീണ വായനശാലയുടെ സമഗ്ര വികസനത്തിനായി ജില്ലാ പഞ്ചായത്ത് അനുവദിച്ച 30 ലക്ഷം രൂപയുടെ പദ്ധതിക്ക് അംഗീകാരം. റീഡിംഗ് റൂം, സ്റ്റേജ് തുടങ്ങി അനുബന്ധ സൗകര്യങ്ങളോടെ ഒരുങ്ങുന്ന ലൈബ്രറിയിൽ വായനശാലയുടെ തന്നെ ചലച്ചിത്ര കൂട്ടായ്മയായ ഫ്രെയിംസ് ഫിലിം സൊസൈറ്റിയും തൃശൂർ ജില്ലാ പഞ്ചായത്തും ഫെഡറേഷൻ ഒഫ് ഫിലിം സൊസൈറ്റീസ് ഒഫ് ഇന്ത്യയുടെ കേരള ഘടകവും ചേർന്ന് സംഘടിപ്പിക്കുന്ന അന്നനാട് രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് സ്ഥിരം വേദിയോടൊപ്പം ചലച്ചിത്ര പഠന കേന്ദ്രവും അടങ്ങുന്നതാണ് പദ്ധതി.
അത്യാധുനിക സംവിധാനങ്ങളോടെ ജില്ലയിൽ തന്നെ ഒരു ഗ്രന്ഥശാലയിൽ മിനി തിയറ്റർ ഒരുങ്ങുന്ന ആദ്യ വായനശാലയാകും. കൊരട്ടി ഡിവിഷൻ അംഗം ആഡ്വ. കെ.ആർ. സുമേഷിന്റെയും അന്നനാട് വായനശാലയുടെയും ഫ്രെയിംസ് ഫിലിം സൊസൈറ്റിയുടെയും നിരന്തര ശ്രമങ്ങളുടെ ഫലമാണ് ചാലക്കുടി മണ്ഡലത്തിന് അഭിമാനമാകുന്ന പദ്ധതി. നിരവധി സമാന്തര ചലച്ചിത്ര യുവ ചലച്ചിത്ര പ്രവർത്തകർക്കും പദ്ധതി പ്രയോജനം ചെയ്യും. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ ക്ലാസുകൾ ശിൽപ്പശാലകൾ തുടങ്ങിയവയ്ക്ക് പദ്ധതി ഭാവിയിൽ ഉപയോഗപ്രദമാകും. കാടുകുറ്റിയിലെയും സമീപപ്രദേശങ്ങളിലെയും സാംസ്‌കാരിക മേഖലയ്ക്കും നേട്ടമാകും.
വായനശാലയിലെ പുസ്തക സ്റ്റോക്ക്, അംഗത്വം, വരിസംഖ്യ, പുസ്തക വിതരണം തുടങ്ങിയവ കമ്പ്യൂട്ടറൈസ് ചെയ്യുന്നതിന് ഒന്നര ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിക്കും ജില്ലാ പഞ്ചായത്ത് അംഗീകാരം നൽകിയിട്ടുണ്ട്. കാതിക്കുടം പനമ്പിള്ളി സ്മാരക വായനശാലയും പ്രസ്തുത പദ്ധതിയിൽ ഉൾപ്പെടും. വായനക്കാരൻ ആവശ്യപ്പെടുന്ന പുസ്തകം ഒരു മൗസ് ക്ലിക്കിൽ റാക്കിൽ നിന്ന് കണ്ടെടുക്കാനും ലൈബ്രറിയിൽ ലഭ്യമായ പുസ്തകങ്ങൾ ഓൺലൈനായി ലോകത്ത് എവിടെ നിന്നും അറിയാനും കഴിയുന്ന സംവിധാനമായാണ് പദ്ധതി ഒരുങ്ങുന്നത്.