വടക്കാഞ്ചേരി: കാർഷിക സമൃദ്ധിയിലൂടെ കൊവിഡിനെ നേരിടുമെന്ന ദൃഢനിശ്ചയത്തിലാണ് തെക്കുംകര പഞ്ചായത്തിലെ മങ്കര വടക്കും മൂല പാടശേഖര സമിതി. സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ആഹ്വാനം ഉൾക്കൊണ്ടാണ് പ്രവൃത്തികൾക്ക് തുടക്കമിട്ടത്.

നൂറുദിനം കൊണ്ട് കൊയ്തെടുക്കാവുന്ന മനുരത്‌ന എന്ന പുതിയ ഇനം നെല്ലാണ് വിത്തിട്ടത്. തെക്കുംകര കൃഷി ഓഫീസർ പി.ജി. സുജിത്തിന്റെ മേൽനോട്ടത്തിലാണ് പാടം ഒരുക്കിയത്. കൃഷിയിലൂടെയുള്ള വരുമാനത്തോടൊപ്പം സുഭിക്ഷമായ കാർഷിക കേരളം എന്നതാണ് കൃഷിയിറക്കലിന്റെ ലക്ഷ്യമെന്ന് കർഷകർ പറയുന്നു.

കഴിഞ്ഞ പ്രളയങ്ങളും ഇപ്പോൾ കൊവിഡും കർഷകരെ ഏറെ ദുരിതത്തിലാക്കിയിരുന്നു. ഇത്തവണ മഴ കനത്താൽ അത് താങ്ങാനാകില്ലെന്ന് കർഷകർ പറയുന്നു. മങ്കര പാടശേഖത്തിൽ നടന്ന വിത്തുവിതയുടെ ഉദ്ഘാടനം കെ.എസ്.കെ.ടി.യു വടക്കാഞ്ചേരി ഏരിയ സെക്രട്ടറി പി. മോഹൻദാസ് നിർവഹിച്ചു. പാടശേഖര സമിതി പ്രസിഡന്റ് രാജൻ മുട്ടിക്കൽ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ പി.ജി. സുജിത്ത് പങ്കെടുത്തു.