വർക്കല: വർക്കല താലൂക്കിലെ വിവിധ ഗ്രാമപഞ്ചായത്തുകളിലെ ഏലാത്തോടുകൾ നാശത്തിന്റെ വക്കിൽ. ഇതോടെ ഒരുകാലത്ത് താലൂക്കിന്റെ നെല്ലറയെന്ന് ഖ്യാതി ലഭിച്ചിരുന്ന ഗ്രാമപഞ്ചായത്തുകളിലെ നെൽപാടങ്ങൾ ഒന്നൊന്നായി നശിച്ചു തുടങ്ങി. തോടുകളെയും തലക്കുളങ്ങളെയും സംരക്ഷിക്കാൻ അധികൃതർ അടുത്തകാലത്ത് വിവിധ പദ്ധതികൾ ആവിഷ്കരിച്ചെങ്കിലും ഫലം കണ്ടില്ല.
തോടുകളെ സംരക്ഷിച്ച് നിലനിറുത്തി നീരൊഴുക്ക് സുഗമമാക്കാനുള്ള ഒരു നടപടിയും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. പല പാടങ്ങളും തരിശു നിലങ്ങളായി മാറി. പല ഗ്രാമപഞ്ചായത്തുകളിലും ചുരുങ്ങിയത് 120 ഹെക്ടറിലേറെ നെൽകൃഷി നടത്തി വന്നെങ്കിലും ഇപ്പോൾ പലയിടത്തും 30 ഹെക്ടറിൽ താഴെ മാത്രമാണ് നെൽകൃഷി ഉള്ളത്.
വർക്കലയിലെ ഏറ്റവും വലിയ ഏലയായിരുന്ന ചെറുന്നിയൂർ ഗ്രാമപഞ്ചായത്തിലെ ശാസ്താംനടയിൽ 100 ഹെക്ടറോളം നെൽകൃഷി ഒരുകാലത്ത് നടത്തിപോന്നിരുന്നു. എന്നാൽ ഇവിടെയും നെൽകൃഷി നാമമാത്രമായി ചുരുങ്ങി. കണ്ണംബ ഏലയിലും മറ്റു സമീപ ഗ്രാമപഞ്ചായത്തുകളിലെയും സ്ഥിതി മറിച്ചല്ല. ചില ഗ്രാമപഞ്ചായത്തുകളിൽ കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും മൗനാനുവാദത്തോടെ പാടശേഖരങ്ങൾ എൺപത് ശതമാനത്തോളം നികത്തിയിട്ടുണ്ട്. ഒട്ടുമിക്ക പാടങ്ങളും കരഭൂമിയാക്കി മാറ്റി മരച്ചീനി, വാഴ, പച്ചക്കറി, തെങ്ങ് ഉൾപ്പെടെ കൃഷി ചെയ്യാനെന്ന വ്യാജേന നികത്തിയെടുത്തിട്ടുണ്ട്. നെൽ വയലുകളായിരുന്ന പലഭൂമികളും അധികൃതരുടെ ഒത്താശയോടെ കരഭൂമിയാണെന്ന രേഖകളും ചിലർ സമ്പാദിച്ചിട്ടുണ്ട്. ചെറുന്നിയൂർ പഞ്ചായത്തിലെ കാറാത്തല ഏലയിലെ പ്രധീന ജലസ്രോതസായ പീലിയത്ത് തോട്, ആശാരിവിള - വെള്ളിയാഴ്ചക്കാവ് ശാസ്താം നട തോട് എന്നിവ നാശത്തിന്റെ വക്കിലാണ്. പല തോടുകളും സ്വകാര്യ വ്യക്തികളും മണ്ണിട്ട് മൂടി സ്വന്തമാക്കിയിട്ടുണ്ട്. തടയണകളും പൊതുകുളങ്ങളും കൈത്തോടുകളും സംരക്ഷിക്കുന്ന പദ്ധതികൾ പഞ്ചായത്തുകളിലെ വാർഷിക ബഡ്ജറ്റിൽ ഉൾപ്പെടുത്തി തുക വകകൊള്ളിക്കുന്നതല്ലാതെ തുടർ നടപടികളൊന്നും നടത്തുന്നതുമില്ല. കൈത്തോടുകളും തലക്കുളങ്ങളും ഉൾപ്പെടെയുളള പൊതു ജലാശയങ്ങൾ കൈയേറി നികത്തിയത് സംബന്ധിച്ച് റവന്യൂ തലത്തിൽ അന്വേഷണം വേണമെന്നാണ് കർഷകരുടെ അഭിപ്രായം.