ചിറയിൻകീഴ് : ലോക്ക് ഡൗണിൽ ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് ജനകീയ പദ്ധതികളുമായി രംഗത്ത്. ഇതിന്റെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾ എടുത്തിട്ടുള്ള ലിങ്കേജ് വായ്പകളിന്മേലുള്ള ഫെബ്രുവരി വരെയുള്ള കുടിശിക തീർക്കുന്നവർക്ക് ഏപ്രിൽ, മേയ് മാസങ്ങളിലെ പലിശ പൂർണമായും ഒഴിവാക്കി. കൊവിഡ് 19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങൾക്ക് സർക്കാർ നൽകുന്ന ആശ്വാസ പദ്ധതിയുടെ വിതരണം ആരംഭിച്ചു. ഇതിനുപുറമേ ജൂൺ 30 വരെ മൂന്ന് ശതമാനം പലിശ നിരക്കിൽ മൂന്ന് മാസക്കാലയളവിൽ 25000 രൂപ വരെ സ്വർണപ്പണയ വായ്പയും നൽകും. കാർഷിക രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കുന്നതിന് ബാങ്കിന്റെ പ്രവർത്തന പരിധിയിലുള്ള സ്ഥലങ്ങളിൽ കൃഷി വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. വിത്തും വളവും ബാങ്ക് സൗജന്യമായി നൽകും. ആവശ്യക്കാർക്ക് 25000 രൂപ വരെ 6 മാസക്കാലയളവിൽ പലിശരഹിത കാർഷിക വായ്പയും 6 ശതമാനം പലിശ നിരക്കിൽ ഒരു വർഷത്തേക്ക് ഹ്രസ്വകാല കാർഷിക വായ്പയും നൽകും. പഴഞ്ചിറ, വലിയചിറ പാടശേഖരങ്ങളിലെ തരിശിട്ടിരിക്കുന്ന നെൽപ്പാടങ്ങൾ താത്പര്യമുള്ള കർഷകർക്ക് കൃഷിക്കായി ബാങ്കിനെ ഏൽപ്പിക്കാം. ഇതിനായി ബാങ്ക് ഭരണസമിതി അംഗങ്ങളെയോ ബാങ്ക് ഓഫീസുമായോ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ബാങ്കിന്റെ പ്രവർത്തന പരിധിയിൽപ്പെട്ട വീടുകളിൽ മാസ്ക് വിതരണവും നടത്തുമെന്ന് ബാങ്ക് പ്രസിഡന്റ് ജി.ചന്ദ്രശേഖരൻ നായർ, സെക്രട്ടറി എ.അനിൽകുമാർ എന്നിവർ സംയുക്തമായി അറിയിച്ചു.