മുടപുരം: സമൂഹത്തെ സ്വാധീനിച്ച പ്രഗത്ഭരുടെ ചിത്രങ്ങൾ വരച്ച ശേഷം പരസ്പരം അഭിപ്രായങ്ങൾ ചോദിച്ചാലേ ചിറയിൻകീഴ് മുടപുരം കിഴക്കതിൽ വീട്ടിലെ സാന്ദ്ര ജെ.ലാലിനും സനുഷ് ജെ.ലാലിനും പൂർണ തൃപ്തി വരൂ. ലോക്ക് ഡൗൺ കാലത്ത് ഈ ചേച്ചിയും അനുജനും വരച്ച ചിത്രങ്ങൾ വാട്സ് ആപ്പിലൂടെ പ്രചരിക്കുമ്പോൾ നിരവധി പേരുടെ
പ്രശംസയും അംഗീകാരവുമാണ് ദിവസവും തേടിയെത്തുന്നത്. ചെറുപ്പത്തിലേ കലാവാസനയുള്ള ഇവർ പെൻസിലും ജലഛായവും ഉപയോഗിച്ചാണ് ചിത്രരചന നടത്തുന്നത്. ലോക്ക് ഡൗണിൽ പഠനതിരക്കുകളില്ലാതായപ്പോഴാണ് ഈ സഹോദരങ്ങൾ മത്സരിച്ച് വരയ്ക്കാൻ തുടങ്ങിയത്. ഇതുവരെ ഇവർ വരച്ച് പൂർത്തിയാക്കിയത് ശ്രീനാരായണ ഗുരുദേവൻ, ഗാന്ധിജി, നെഹ്‌റു, സച്ചിൻ, സാനിയ മിർസ, അമിതാഭ് ബച്ചൻ, മമ്മൂട്ടി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവരെയാണ്.
ആരോഗ്യ - ശാസ്ത്ര - സാഹിത്യ രംഗത്തെ പ്രമുഖരുടെ ചിത്രങ്ങളോടൊപ്പം പ്രകൃതിയുടെ മനോഹാരിതയും ഇവർ വരച്ചിട്ടുണ്ട്. മലപ്പുറം ഇ.കെ.സി കോളേജ് ഒഫ് ആർക്കിടെക്കിലെ രണ്ടാം സെമസ്റ്റർ ബി.ആർക്ക് വിദ്യാർത്ഥിയായ സാന്ദ്ര മൂന്നാം ക്ലാസ് മുതൽ ചിത്ര രചന ആരംഭിച്ചപ്പോൾ തോന്നയ്ക്കൽ ഗവ.ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ സനുഷ് ഒന്നാം ക്ലാസ് മുതൽ തന്നെ ചിത്രരചന ആരംഭിച്ചിരുന്നു. സനുഷ് വരച്ച ശ്രീനാരായണ ഗുരുദേവന്റെ ചിത്രം ഇവരുടെ വീടിന്റെ പ്രവേശന കവാടത്തിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. സ്വീകരണമുറിയുടെ ചുവരുകൾ നിറയെ ഇവർ വരച്ച ചിത്രങ്ങളാണ് വച്ചിരിക്കുന്നത്. കൊവിഡ് കാലം പരിഗണിച്ച് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ടീച്ചറുടെ ചിത്രം വരയ്ക്കുവാൻ ഒരുങ്ങുകയാണ് ഇവർ. അബുദാബിയിൽ ജോലി നോക്കുന്ന എസ്.ജയന്ത് ലാലിന്റെയും കിഴുവിലം ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡ് എ.ഡി.എസ്.സെക്രട്ടറി ഇ.വി. അജിത ലാലിന്റെയും മക്കളാണിവർ.