വക്കം: ലോക്ക് ഡൗണിന്റെ ആലസ്യത്തിലും മിനി ടീച്ചർ മ്യൂറൽ പെയിന്റിംഗിന്റെ തിരക്കിലാണ്. വീടിന്റെ ചുവരുകളിൽ ദൈവീക സാന്നിദ്ധ്യം തുളുമ്പുന്ന പരമ്പരാഗത മ്യൂറൽ ചിത്രരചനയിലാണ്. വക്കത്തെ ശിവഗിരി ശ്രീശാരദ വിദ്യാനികേതൻ സ്കൂളിലെ ഡ്രാേയിംഗ് അദ്ധ്യാപിക കൂടിയാണ് മിനി രാജേന്ദ്രൻ. ചിത്രരചനയിലെ താത്പര്യം മ്യൂറൽ ചത്രരചനയിലേക്ക് വഴിമാറുകയായിരുന്നു. അനേകം ചിത്രങ്ങൾ ചുവരിലും, ക്യാൻവാസിലും ഇതിനകം പകർത്തിട്ടുണ്ടെങ്കിലും പാർവ്വതി ദേവീ ഗണപതിക്ക് ഭക്ഷണം കൊടുക്കുന്ന ചിത്രമാണ് ഏറെ ഹൃദ്യമായത്. എറെ സമയവും ശ്രദ്ധയും ഈ ചിത്രത്തിന് വേണ്ടി വന്നതായി മിനി പറഞ്ഞു. ചുവരിൽ അക്രലിറ്റ് പെയിന്റ് കൊണ്ടാണ് ചിത്ര രചന. എറെ സമയവും ഏകാഗ്രതയും മ്യൂറൽ പെയിന്റിംഗിന് വേണം. പഴമയുടെ പശ്ചാത്തലത്തിന് മാറ്റങ്ങളും വന്ന് കൂട. ഫ്രൈമിൽ ഉൾപ്പെടേണ്ട എല്ലാ കാര്യങ്ങളും മനസിൽ കുറിച്ചിട്ട ശേഷമാണ് ചിത്രരചന തുടങ്ങുന്നത്. ആദ്യം മാർക്കിംഗ്, പിന്നെ ഒരോ നിറങ്ങൾ കൊടുത്ത് കൊണ്ട് ചിത്രരചന പൂർത്തിയാക്കും. ഇതിന് ദിവസങ്ങളും, ആഴ്ചകളും വേണ്ടിവരും. മ്യൂറൽ പെയിന്റിംഗിന് പുറമേ, ഫാബ്രിക്ക് പെയിന്റിംഗ്, വൺ സ്റ്റോക്ക് പെയിന്റിംഗ്, ഡ്രോയിംഗ്, പിന്നെ കുപ്പി, കലം തുടങ്ങി ഏത് പാഴ് വസ്തുവിലും മിനിയുടെ കരവിരുതിൽ പുനർജന്മം. സ്കൂളിലെ ജോലി തിരക്കിൽ ഇത്തരം കാര്യങ്ങൾക്ക് രാത്രിയാണ് സമയം കണ്ടെത്തുന്നത്. സരസ്വതി, അയ്യപ്പൻ, ശ്രീകൃഷ്ണൻ, ഗണപതി, ശ്രീബുദ്ധൻ, മത്സ്യ കന്യകയടക്കം വരച്ചു കഴിഞ്ഞു. പിന്നെ തുണികളിലും, സാരികളിലും ആർട്ട് വർക്കും അങ്ങനെ തിരക്കോട് തിരക്ക് തന്നെ.