fever
photo

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം ഡെങ്കിപ്പനി ബാധിച്ച് മരിച്ചവർ രണ്ട്. സാധാരണ പനി ബാധിച്ച് മരിച്ചവർ 16. എട്ടു വ‌ർഷത്തിനിടെ, സാധാരണ പനി അപഹരിച്ചത് 313 പേരുടെ ജീവൻ.

പനി മരണത്തിന്റെ രഹസ്യം കണ്ടെത്തുന്നതിനും പ്രതിരോധ പദ്ധതി തയ്യാറാക്കുന്നതിനും 2018 ൽ ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ദ്ധ സമിതിക്ക് നിഗമനങ്ങളിലൊന്നും എത്താനായില്ല. ഇപ്പോൾ ആരോഗ്യവകുപ്പ് പൂർണമായും കൊവിഡിനെതിരായ പ്രവർത്തനങ്ങളിൽ മുഴുകിയതിനാൽ സാധാരണ പനി മരണങ്ങളുടെ കാരണങ്ങൾ അജ്ഞാതമായി തുടരുന്നു.

എലിപ്പനി,​ ഡെങ്കിപ്പനി,​ ചിക്കുൻഗുനിയ,​ മലേറിയ,​ മഞ്ഞപ്പിത്തം,​ വയറിളക്കം തുടങ്ങിയ പകർച്ചവ്യാധികളെ സംബന്ധിച്ച് ശാസ്ത്രീയ വസ്തുതകൾ നേരത്തേ ലഭ്യമാണ്. 2018ൽ നിപ്പ വൈറസ് കേരളത്തെ ഭീതിയിലാക്കിയപ്പോഴും അതിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞു. ഏറ്റവുമൊടുവിൽ കൊവിഡിന്റെ സാന്നിദ്ധ്യവും മരണകാരണവും തിരിച്ചറിയുന്നതിലും, പ്രതിരോധിക്കുന്നതിലും വിജയം കൈവരിച്ചു.

നിസ്സാരനല്ല

പനി,വില്ലൻ

ചിക്കുൻഗുനിയ,​ ഡെങ്കിപ്പനി,​ നിപ്പ വൈറസ് എന്നിവ സംബന്ധിച്ച് സംസ്ഥാനത്ത്ആധികാരിക പഠനങ്ങൾ നടത്തുകയും അതിന്റെ ഗുണഫലങ്ങളുണ്ടാവുകയും ചെയ്തു. എന്നിട്ടും, പനിയെ നിസാരമായി കാണുകയായിരുന്നു. പനി വില്ലനായിട്ട് വർഷങ്ങളേറെയായി.

സാധാരണ പനി ബാധിച്ച് കൂടുതൽ ആളുകൾ മരിക്കുന്നത് 2012 മുതലാണ് ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ആ വർഷം 11 പേരും അടുത്ത വർഷം 23 പേരും മരിച്ചു. 2017ൽ മരണം 76 ആയപ്പോഴാണ് അടുത്ത വർഷം കമ്മിറ്റി രൂപീകരിച്ചത്. ഇതിനിടെ, പനിയുടെ സ്വഭാവത്തിലും മാറ്റങ്ങളുണ്ടായി. ഒരാഴ്ചയോളം നീളുന്ന ചികിത്സയും, അതിലേറെ വിശ്രമവും വേണം പനി ബാധിക്കുന്ന രോഗിക്ക് ആരോഗ്യം വീണ്ടെടുക്കാൻ.

മെ‌ഡിക്കൽ

ഓട്ടോപ്സി

പോസ്റ്റുമോർട്ടത്തിലൂടെയല്ലാതെ മരണ കാരണം കണ്ടെത്തുന്ന രീതിയാണ് മെഡിക്കൽ ഓട്ടോപ്സി. 2013ൽ ആലപ്പുഴ മെഡിക്കൽ കോളേജിൽ പനി ബാധിച്ച് മരിച്ച ആളുടെ മൃതദേഹം ബന്ധുക്കളുടെ പരാതിയെ തുടർന്ന് മെഡിക്കൽ ഓട്ടോപ്സി നടത്തി. മരണകാരണമായി കണ്ടെത്തിയത് 'വെസ്റ്റനൽ വൈറസ്' . ഈ രീതിയും തുടർന്നില്ല.