കൊവിഡ് വൈറസിനു മുന്നിൽ മനുഷ്യരാശി ആയിരങ്ങളെ ബലിയർപ്പിച്ചുകഴിഞ്ഞു. ചൈനയും അമേരിക്കയും ബ്രിട്ടനും ഇറ്റലിയും തുടങ്ങി മിക്ക ലോക രാജ്യങ്ങളും കൊറോണാ ഭീതിയുടെ നിഴലിലാണ്. മതഭേദമോ വർഗ ഭേദമോ വർണ ഭേദമോ ഒന്നും കൊവിഡിനെ സ്വാധീനിച്ചിട്ടില്ല. കമ്മ്യൂണിസമോ, സോഷ്യലിസമോ, ഫ്യൂഡലിസമോ പോലും കൊറോണയ്ക്കു മുന്നിൽ വേർതിരിവ് സൃഷ്ടിച്ചില്ല. നാനാവിധത്തിലുള്ള മതിൽക്കെട്ടിനുള്ളിൽ പരസ്പരം കടിച്ചുകീറാൻ തരം പാർത്തിരുന്നവർ മനുഷ്യത്വം എന്ന ഏകത്വത്തിൽ അഭയം തേടുകയാണ്.
അമ്പലങ്ങൾക്കും ചർച്ചുകൾക്കും മോസ്കുകൾക്കുമെല്ലാം ഒരേ നിയമം, ഒരേ ചിന്ത, ഒരേ ലക്ഷ്യം. രോഗവിമുക്തി ഒന്നു മാത്രം. വുഹാനിൽ സ്ഥിതി ഗുരുതരമായിക്കൊണ്ടിരുന്നിട്ടും പല രാജ്യങ്ങളിലും അനുഭാവതരംഗം രൂപം കൊള്ളാൻ ഏറെ വൈകി.
മനുഷ്യരാശിയുടെ പൊതുശത്രുവായ കൊറോണയെ നേരിടാൻ ഇന്ത്യക്കാരായ നാം എല്ലാവിധ ഭേദചിന്തകളും മാറ്റിവച്ച് ഇന്ത്യ ഒരു കുടുംബം എന്ന മഹത്തായ ചിന്ത സ്വീകരിച്ചുകഴിഞ്ഞു. ഇപ്പോൾ നാനാത്വത്തിൽ ഏകത്വം എന്തെന്നു നമുക്ക് മനസിലായി. അതുപോലെ തന്നെ ഏകലോകം എന്ന സ്വപ്നത്തെ നമുക്കു താലോലിക്കയുമാകാം. 'വസുധൈവ കുടുംബകം" എന്ന അതിമഹത്തായ ആശയം ലളിതമായി മനസിലാക്കാനും ഈ അവസരം ഉപകരിച്ചിട്ടുണ്ട്.
ഭാവനാ സജി
ശ്രീനാരായണ പബ്ലിക് സ്കൂൾ
കൊല്ലം - 10