പാലോട്: കോവിഡ് 19 രോഗത്തിന് പ്രതിരോധ മരുന്ന് കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിട്യൂട്ട് - ഐ.സി.എം ആറിന് സമർപ്പിച്ച നിർദ്ദേശത്തിനാണ് അനുമതി ലഭിച്ചത്. ചിക്കൻ ഗുനിയയ്ക്കും ഡെങ്കുവിനും എതിരെ കണ്ടെത്തിയ ആന്റി വൈറൽ ഘടകം ഉപയോഗിച്ച് കോവിഡിനെതിരായുള്ള മരുന്ന് കണ്ടു പിടിക്കാനുള്ള പരീക്ഷണത്തിനാണ് അനുവാദം ലഭിച്ചത്. ആദിവാസികൾ നൽകിയ ഔഷധ ചെടികളെ കുറിച്ചുള്ള വിവരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇതിൽ നിന്നും വേർതിരിച്ചെടുക്കുന്ന ആന്റി വൈറൽ ഘടകം ചിക്കൻ ഗുനിയക്കുള്ള ഫലപ്രദമായ ഔഷധമാണെന്ന് കണ്ടെത്തിയത്. ഇതിന്റെ പേറ്റന്റ് എടുക്കാനുള്ള തയാറെടുപ്പിനിടയിലാണ്. ഈ ആന്റി വൈറൽ ഘടകം കോവിഡിനെതിരെയും പ്രവർത്തിക്കുമെന്ന നിഗമനത്തിലാണ് പരീക്ഷണത്തിന് അനുമതി തേടിയത്. ആരോഗ്യ സെക്രട്ടറി ഈ പ്രപ്പോസൽ ഐ.സി.എം.ആറിന് നൽകുകയും ഇവർ പദ്ധതിക്ക് താത്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് വൈറോളജിയുമായി ധാരണാപത്രം ഒപ്പിട്ടശേഷം പരീക്ഷണം ആരംഭിക്കുമെന്ന് ജെ.എൻ.ടി.ബി.ജി.ആർ.ഐ. അധികൃതർ അറിയിച്ചു.