dr-boban-ramesan

തിരുവനന്തപുരം: കൊവിഡ് മഹാമാരിക്കെതിരെ പ്രതിരോധം തീർക്കാൻ അതിർവരമ്പുകളില്ലെന്ന് തെളിയിക്കുകയാണ് ആസ്ട്രേലിയലിൽ ജോലിചെയ്യുന്ന മലയാളി ഡോക്ടർ. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെത്തുന്ന (ആർ.സി.സി) രോഗികൾക്ക് ചിത്രങ്ങളിലൂടെ കൊവിഡിനെതിരായ ബോധവത്കരണം നൽകുകയാണ് ഡോ. ബോബൻ രമേശൻ. ഇതിനായി കൊവിഡിനെക്കുറിച്ച് വ്യക്തമായ അവബോധം നൽകുന്ന 25 ചിത്രങ്ങൾ ഇ-മെയിലിലൂടെ ആർ.സി.സിക്കു കൈമാറി. ആർ.സി.സിയുടെ ഇടനാഴികളിൽ ഇവ പ്രദർശിപ്പിച്ചിട്ടുണ്ട്.

കാൻസർ രോഗികൾക്ക് പ്രതിരോധശേഷി തീരെ കുറവാണ്. അവരെ കൊവിഡ് വേഗം ബാധിക്കും. ബാധിച്ചു കഴിഞ്ഞാൽ അതിവീജനം ശ്രമകരമാണ്. ഇതു മുന്നിൽക്കണ്ടാണ് ചിത്രങ്ങൾ വരച്ചയച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആസ്ട്രേലിയയിലെ ബ്രിസ്ബണിൽ ഫാമിലി മെഡിസിൻ ഡോക്ടറായ ബോബൻ തിരുവനന്തപുരം പേട്ട സ്വദേശിയാണ്.

കൊവിഡിന്റെ തീവ്രത ഒറ്റനോട്ടത്തിൽ ബോദ്ധ്യമാക്കുന്നവയാണ് ബോബന്റെ ചിത്രങ്ങൾ. കൂടുതൽ ചിത്രങ്ങൾ അയച്ചുനൽകാമെന്ന്‌ അറിയിച്ചിട്ടുണ്ട്. അഞ്ചു വർഷത്തിലേറെയായി കുടുംബവുമൊത്ത് അസ്ട്രേലിയിൽ താമസിക്കുന്ന ബോബൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പൂർവിദ്യാർത്ഥിയാണ്. ഭാര്യ ഡോ. ദർശന ഗൈനക്കോളജിസ്റ്റാണ്. മക്കൾ മീനാക്ഷി, കല്ല്യാണി.