migrant

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്ന് അഞ്ച് പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിനുകൾ വിവിധ സംസ്ഥാനങ്ങളിലേക്ക് അതിഥി തൊഴിലാളികളുമായി പോകും. തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകളിൽ നിന്നാകും ട്രെയിനുകൾ പുറപ്പെടുക. വിവിധ സംസ്ഥാനങ്ങളുമായി ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ ചർച്ചകൾ നടത്തുകയാണ്.

അതേസമയം ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ കൊണ്ടുപോകുന്ന ആദ്യത്തെ സ്പെഷ്യൽ നോൺസ്റ്റോപ്പ് ട്രെയിൻ ആലുവയിൽ നിന്ന് ഇന്ന് യാത്ര തിരിക്കും. വൈകുന്നേരം ആറ് മണിയ്ക്ക് എറണാകുളത്ത് നിന്ന് ഒഡീഷാ തലസ്ഥാനമായ ഭുവനേശ്വറിലേക്ക് പ്രത്യേക ട്രെയിൻ പുറപ്പെടും. 1200 ഓളം പേരുമായാണ് മറ്റൊരിടത്തും നിറുത്താതെ ട്രെയിൻ സഞ്ചരിക്കുക. 1,836 കിലോമീറ്ററാണ് ദൂരം.

ആലുവ, പെരുമ്പാവൂർ മേഖലകളിൽ ജോലി ചെയ്തിരുന്നവരാണ് നാട്ടിലേക്ക് മടങ്ങുക. സംസ്ഥാന തൊഴിൽ വകുപ്പ് മുഖാന്തിരം പേര് രജിസ്റ്റർ ചെയ്തവരെ മാത്രമാണ് പോകാൻ അനുവദിക്കുക. പരിശോധനകൾ നടത്തി കൊവിഡ് ലക്ഷണങ്ങൾ യാതൊന്നുമില്ലാത്തവരെയാണ് തിരഞ്ഞെടുക്കുക. സാമൂഹിക അകലം പാലിക്കാവുന്ന വിധത്തിലാണ് ഇവർക്ക് ഇരിപ്പിടം ഒരുക്കുകയെന്ന് തൊഴിൽ വകുപ്പ് അധികൃതർ അറിയിച്ചു. പരിശോധനക്കുൾപ്പെടെ സൗകര്യങ്ങൾ റെയിൽവെ സ്റ്റേഷനിലും ഒരുക്കും.

സംസ്ഥാന സർക്കാരുകൾ ആവശ്യപ്പെട്ടാൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി മാത്രം പ്രത്യേക സർവീസുകൾ നടത്താൻ റെയിൽവെ മന്ത്രാലയം ഇന്നലെ നിർദ്ദേശം നൽകിയിരുന്നു. ഇതുപ്രകാരമാണ് സർവീസ് ആരംഭിക്കുന്നതെന്ന് റെയിൽവെ വൃത്തങ്ങൾ പറഞ്ഞു. ലക്ഷ്യസ്ഥാനം നിശ്ചയിക്കുന്നതും യാത്രക്കാരെ തിരഞ്ഞെടുക്കുന്നതുമുൾപ്പെടെ സർക്കാരാണ് നിശ്ചയിക്കുക. സ്റ്റേഷനിൽ ടിക്കറ്റ് നൽകുന്നതുൾപ്പെടെ പതിവ് സംവിധാനങ്ങളുണ്ടാകില്ല. അടുത്ത ദിവസങ്ങളിൽ കൂടുതൽ ട്രെയിനുകൾ സർക്കാർ ആവശ്യപ്പെടുന്ന പ്രകാരം നടത്തുമെന്നും റെയിൽവെ അധികൃതർ അറിയിച്ചു.