കിളിമാനൂർ: ആംബുലൻസിൽ ജില്ലയ്ക്ക് പുറത്തേക്ക് ആളിനെ കടത്താനുള്ള ശ്രമം ജില്ലാതിർത്തിയിൽ തടഞ്ഞു. സംസ്ഥാന പാതയിൽ ജില്ലാതിർത്തിയായ തട്ടത്തുമല വാഴോട്ടെ താത്കാലിക ചെക്ക് പോയിന്റിൽ വ്യാഴാഴ്ച രാത്രി 9 മണിക്കായിരുന്നു സംഭവം. തിരുവനന്തപുരം കണിയാപുരം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എസ്.കെ.എസ്.എസ്.എഫ് കമ്പനിയുടെ ആംബുലൻസിലാണ് കടത്ത് നടന്നത്. ആംബുലൻസ് ഡ്രൈവർ മുദാക്കൽ പൊയ്കമുക്ക് തെള്ളിക്കോട്ടു വിള വീട്ടിൽ സ്വരാജ് (23), പുളിമാത്ത് അലൈകോണം ആർ എൽ ഭവനിൽ രഞ്ചിത്ത് (28), കഠിനംകുളം, ചിറ്റാറ്റ് മുക്ക് ചിറയ്ക്കൽ, ബിസ്മില്ലാ ഹൗസിൽ, ഷാജുദ്ദീൻ (44), കീഴാവൂർ, വെള്ളാവൂർ, വയലിൽ വീട്ടിൽ വിഷ്ണു ചന്ദ്രൻ (27) എന്നിവരാണ് പിടിയിലായത്.

ചിറയിൻകിഴ് തഹസിൽദാർ മനോജ് കുമാർ, കിളിമാനൂർ സി.ഐ കെ.ബി. മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് 'മനുഷ്യ കടത്ത്' പിടികൂടിയത്. ജില്ലാ തിർത്തി കടക്കാനെത്തിയ ആംബുലൻസ് തടഞ്ഞ്, പരിശോധക സംഘം അന്വേഷിച്ചപ്പോൾ ചങ്ങനാശേരിയിൽ അപകടത്തിൽപ്പെട്ട ഒരു വാഹനം ശരിയാക്കി എത്തിക്കാൻ മെക്കാനിക്കുകളുമായി പോകുന്നുവെന്നാണ് ഡ്രൈവർ മറുപടി നൽകിയത്. തുടർന്ന് ആംബുലൻസിലുള്ളവരെ ചോദ്യം ചെയ്തപ്പോൾ അവർ മെക്കാനിക്കുകൾ അല്ലെന്നും വൻ തുക വാങ്ങിയുള്ള മനുഷ്യക്കടത്താണെന്നും ബോദ്ധ്യപ്പെടുകയായിരുന്നു. തുടർന്ന് ആംബുലൻസ് ജീവനക്കാരനെയും അതിർത്തി കടക്കാൻ ശ്രമിച്ചവരെയും അറസ്റ്റുചെയ്തു.