''ക്രിസ്തുവിന് മുമ്പും ശേഷവും എന്നു പറയുന്നതുപോലെ കൊവിഡിന് മുമ്പും ശേഷവും എന്നൊരു കാലവിഭജനം ചരിത്രത്തിൽ എഴുതി ചേർക്കേണ്ടി വരും''- മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാൻ ജി.മോഹൻദാസിന്റെ നിരീക്ഷണമാണിത്. ലോക്ക് ഡൗൺ ഇങ്ങനെ നീളുമ്പോൾ നിലച്ചുപോയ ബിസിനസിനെക്കുറിച്ച് വേവലാതിപ്പെടാതെ, അച്ഛൻ പകർന്നു നൽകിയ കൃഷിയിലും പുസ്തകവായനയിലും പുതിയൊരു ലോകം കണ്ടെത്താൻ ശ്രമിക്കുകയാണ് അദ്ദേഹം. വായനയിലൂടെ മനസ് പിടിച്ചെടുക്കുന്നതിലേറെയും തത്വചിന്തകൾ. ഭാര്യ റാണി മോഹൻദാസാകട്ടെ മുമ്പത്തെക്കാളേറെ ആദ്ധ്യാത്മികമായ കാര്യങ്ങളിൽ വ്യാപൃതയാണ്. അതേസമയം, മക്കളും ചെറുമക്കളുമടങ്ങുന്ന സുവർണ നിമിഷങ്ങളെ ഇരുവരും ആസ്വദിക്കുകയും ചെയ്യുന്നു.
ലോക്ക് ഡൗണിന് മുമ്പ് നിരന്തരം ബിസിനസ് യാത്രകളായിരുന്നു. ചിലപ്പോൾ മോഹൻദാസ് ഒറ്റയ്ക്ക്. മറ്റുചിലപ്പോൾ ഭാര്യയെയും കൂട്ടും. ചെന്നൈയിലാണ് മോഹൻദാസ് ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ കോർപറേറ്റ് ഓഫീസ്. സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി ഹോട്ടലുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തിയേറ്ററുകൾ...
''കൊവിഡ് മനുഷ്യനെ അച്ചടക്കമുള്ളവനാക്കി. ലാളിത്യമുള്ള ജീവിതം നയിക്കാൻ പഠിപ്പിച്ചു. ഇതൊക്കെ പണ്ട് ഗുരുക്കന്മാർ പറഞ്ഞപ്പോൾ നമ്മൾ കേട്ടില്ല. ഇപ്പോൾ കൊവിഡ് പൊലീസുകാരെ കൊണ്ടു പറയിപ്പിച്ചപ്പോൾ നമ്മൾ അനുസരിക്കുന്നു. എത്ര കാശുണ്ടെങ്കിലും ലളിതമായിട്ടേ ജീവിക്കാൻ കഴിയൂവെന്ന് നമ്മൾ തിരിച്ചറിയുന്നു. ചെലവ് ചുരുക്കണമെന്ന് മലയാളികളെ പഠിപ്പിച്ചത് ശ്രീനാരായണഗുരുദേവനാണ്. മനുഷ്യൻ നന്നാവണമെന്ന് ഗുരു പറഞ്ഞിരുന്നു. കൊവിഡാനന്തരം മനുഷ്യന് ഗുണകരമായ വലിയ മാറ്റം ഉണ്ടാകും. ആ ഗുണം തിരിച്ചറിയാൻ ഓരോരുത്തർക്കും ഒരുപാട് സമയം ഇപ്പോൾ കിട്ടുന്നുണ്ട്. അന്തരീക്ഷത്തിലെ മാലിന്യം മാത്രമല്ല, മനുഷ്യനുള്ളിലെ മാലിന്യവും കുറയൊക്കെ ഇല്ലാതായിരിക്കുന്നു ''- മോഹൻദാസ് പറഞ്ഞു.
ഏവരെയും നിസഹായരാക്കാൻ
പ്രകൃതിക്ക് കഴിയും
പുസ്തകോത്സവത്തിനും മറ്റും പോകുമ്പോൾ ധാരാളം പുസ്തകങ്ങൾ വാങ്ങും. പരിചയമുള്ള സാഹിത്യകാരന്മാരുടെയും അപ്പോൾ ചർച്ചചെയ്യപ്പെടുന്നവയുമൊക്കെ വാങ്ങും. സമയക്കുറവ് അതിനെയെല്ലാം നേരെ ഷെൽഫിലെത്തിക്കും. ഇപ്പോൾ നന്തൻകോട്ടെ വീട്ടിലിരുന്ന് അതെല്ലാമെടുത്ത് വായിക്കുകയാണ് മോഹൻദാസ്. അപ്പോൾ സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കും. കേരളം മുതൽ അരുണാചൽ പ്രദേശ് വരെ ബിസിനസ് നടത്തിയത്, യാത്രകൾ, അച്ഛൻ വി.എൻ.ഗംഗാധരപ്പണിക്കർ കാണിച്ചുതന്നെ ജീവിതം, അച്ഛൻ തുടങ്ങിയ വിദ്യാലായം... അങ്ങനെ പലതും ഫ്ലാഷ് ബാക്കിൽ. 13 വയസുള്ളപ്പോൾ അച്ഛന്റെ മരണം. ശേഷം ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമം, അമ്മയുടെ ആവശ്യപ്രകാരം എയർഫോഴ്സിൽ ചേർന്നത്, പിന്നെ അവിടം വിട്ടത്... സർഗസൃഷ്ടികൾക്കൊപ്പം ആദ്ധ്യാത്മിക ഗ്രന്ഥങ്ങളും വായിക്കുന്നു. ഗുരുദേവ കൃതികൾ, സ്വാമി ബോധി തീർത്ഥ എഴുതിയ 'തത്വചിന്തയിലെ ലാവണ്യങ്ങൾ' തുടങ്ങിയവയൊക്കെ വായിക്കാൻ കഴിഞ്ഞു.
വായനയിൽ നിന്ന് ലഭിച്ച അറിവിന്റെ വെളിച്ചത്തിൽ പറയുന്നു ; നമ്മളില്ലെങ്കിലും ഈ ലോകം മുന്നോട്ടു പോകും.എല്ലാ കാര്യങ്ങളും നടക്കും.നമ്മൾ നിയന്ത്രിക്കുന്നതല്ല ലോകം. മറിച്ച് പ്രകൃതിക്ക് വിധേയരാണ് നമ്മൾ. ഒരു നിമിഷം കൊണ്ട് എല്ലാവരെയും നിസഹായരായി തീർക്കാൻ പ്രകൃതിക്ക് കഴിയും. ആ സത്യം വിവേകമുള്ളവരെല്ലാം ഇതിനകം പഠിച്ചുകഴിഞ്ഞു.
കൃഷിക്കാര്യത്തിൽ പ്രധാന
ഉപദേശകൻ ശ്രീനിവാസൻ
അടിസ്ഥാനപരമായി താനൊരു കർഷകനാണെന്ന് അഭിമാനത്തോടെ ജി.മോഹൻദാസ് പറയും. നന്തൻകോട് നിന്ന് നെടുമങ്ങാട് ആനാട് പോയി 25 ഏക്കർ ഭൂമി വാങ്ങി, കൃഷി തുടങ്ങിയ ആളാണ് വി.എൻ.ഗംഗാധരപ്പണിക്കർ. അമ്മ ഭാരതി വീട്ടുകാര്യങ്ങൾ നന്നായി ശ്രദ്ധിച്ചുപോന്നു. നാണ്യവിളകൾ കൃഷി ചെയ്ത് അത് കയറ്റുമതി ചെയ്തിരുന്നു. 60കളിൽ നാണ്യവിളകളും അടയ്ക്കയും എത്തിച്ചിരുന്നത് ചാക്കയിൽ. അവിടെ നിന്ന് പാർവതി പുത്തനാർ വഴി കൊച്ചിയിൽ എത്തിക്കും. അവിടെ നിന്ന് കപ്പലിൽ വിദേശങ്ങളിലേക്കും. മോഹൻദാസും അത് വിപുലമായി തന്നെ തുടർന്നു.
ആനാടും ആര്യങ്കാവിലും പേരൂർക്കടയിലും തോട്ടങ്ങളുണ്ട്. ചുക്ക്, ഗ്രാമ്പൂ, കുരുമുളകുമെല്ലാം കയറ്റി അയയ്ക്കുന്നു. എല്ലാത്തരം കൃഷിയും ഉണ്ട്. പച്ചക്കറിയും പഴവർഗങ്ങളുമെല്ലാമുണ്ട്. രാജ്ഭവനിലെ തോട്ടക്കാരനായിരുന്ന ബാബുവിന്റെ മേൽനോട്ടത്തിലാണ് കൃഷി. പ്രധാന ഉപദേശകൻ സുഹൃത്തും നടനുമായ ശ്രീനിവാസൻ. മോഹൻദാസിന്റെ ഓറഞ്ച് കൃഷി കാണാൻ ഈയിടെ ശ്രീനിവാസൻ വന്നിരുന്നു. പൂനയിൽ നിന്ന് കൊണ്ടു വന്നാണ് ഓറഞ്ച് തൈകൾ വച്ചു പിടിപ്പിച്ചത്. കുറ്റാലത്തും നാഗർകോവിലിലും മാന്തോട്ടം ഉണ്ട്. ആദായം നോക്കി ചെയ്യുന്നതല്ല ഇതൊന്നും, മനസിനൊരു ഇഷ്ടം. കൃഷി പോലെ സന്തോഷം നൽകുന്ന മറ്റൊന്നില്ല. പൂക്കളും ഫലങ്ങളും നിറഞ്ഞു നിൽക്കുന്നതു കാണുമ്പോൾ വല്ലാത്ത സന്തോഷമാണ് ; ചിരിച്ച മനസോടെ അദ്ദേഹം പറയുന്നു.
'നരനായിങ്ങനെ
ജനിച്ചൂ ഭൂമിയിൽ...'
മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ലോക്ക് ഡൗൺ ആസ്വദിക്കുകയാണ് റാണി മോഹൻദാസ്. '' അടുക്കള ഭരണം മരുമക്കളാണ്. ഞാൻ ഡയറക്‌ഷൻ അതുകൊണ്ട് അവരെന്നെ ഐ.വി.ശശി എന്നാണ് വിളിക്കുന്നത് '' -റാണി മോഹൻദാസ് പറയുന്നു. വായനയുടെയും എഴുത്തിന്റെയും ലോകത്ത് കൂടുതൽ സമയം ചെലവഴിക്കുകയാണ് റാണിമോഹൻദാസ്.
ഇപ്പോൾ വേറൊരു ജീവിതക്രമാണ്. രാവിലെ എല്ലാവരും കുളിച്ച് ജപിച്ച ശേഷമാണ് ജീവിതം തുടങ്ങുന്നത്. ഇതിനിടയയിൽ ഫോൺ വിളികളിലൊതുങ്ങും ബിസിനസ് കാര്യങ്ങൾ. ഇപ്പോൾ മനസമാധാനം ഉണ്ട് . ലോക്ക് ഡൗണിന് നിരവധി നെഗറ്റീവ് വശങ്ങളുണ്ടെങ്കിലും അതിനെക്കാളേറെ പോസിറ്റീവ് കാര്യങ്ങളുണ്ട്. പൂജാമുറി നമ്മുടെയൊരു കൊച്ചു ലോകമാണ്. അവിടം അലങ്കരിക്കാൻ ഇവിടെ കിട്ടുന്ന പൂക്കൾ കൊണ്ട് മതിയാകില്ല. അതുകൊണ്ട് അലങ്കാരം മുഴുവൻ മയിൽപ്പീലികൊണ്ടാക്കി.
പൂജയും ഭക്ഷണവുമൊക്കെ കഴിഞ്ഞ് കുറച്ചു നേരം വിശേഷമൊക്കെ പറഞ്ഞിരുന്നിട്ട് ഞാൻ വായനയുടെ ലോകത്തേക്ക് കടക്കും. സംസ്കൃത സ്തോത്രങ്ങൾ യു-ട്യൂബിൽ കേട്ട് അത് മലയാളത്തിൽ എഴുതിയെടുക്കും. അതിപ്പോൾ നല്ലൊരു കളക്ഷൻ ആയി. പിന്നെ ആവശ്യമുള്ളവർക്ക് കൗൺസലിംഗിലൂടെ മനോധൈര്യം പകർന്നു നൽകും.ലോക്ക് ഡൗൺ തുടങ്ങിയപ്പോൾ ' നരനായിങ്ങനെ ജനിച്ചൂ ഭൂമിയിൽ.... ' എന്ന ഭജന റെക്കാഡ് ചെയ്ത് ഫാമിലി ഗ്രൂപ്പിലിട്ടു. എല്ലാവർക്കും ഇഷ്ടമായി. അന്ന് മുതൽ എന്നും സന്ധ്യയ്ക്ക് നാമം ജപിച്ചിട്ട് ഫാമിലി ഗ്രൂപ്പിൽ അയച്ചു കൊടുക്കും. സ്ത്രീകളുടെ 'പ്രണതി' എന്നൊരു ഗ്രൂപ്പിലും സജീവമാണ്; ഫാർമസ്യൂട്ടിക്കൽസ് കെമിക്കൽസ് ട്രാവൻകൂർ പ്രൈവറ്റ് ലിമിറ്റഡിന്റെ എം.ഡി കൂടിയായ റാണി മോഹൻദാസ് പറയുന്നു.
മോഹൻദാസ് - റാണി മോഹൻദാസ് ദമ്പതികൾക്ക് അഞ്ചു ആൺമക്കൾ.
മൂത്ത മകൻ കൃഷ്ണമോഹൻ. ഭാര്യ മീര. അവർക്ക് രണ്ടു പെൺമക്കൾ ശിവാനി, ഗായത്രി.
രണ്ടാമത്തെയാൾ വിഷ്ണുമോഹൻ. ഭാര്യ സുനന്ദ, അവർക്ക് ഒരു മകൾ വൈഷ്ണവി.
മൂന്നാമത്തെയാൾ ഡോ.ശങ്കർ മോഹൻ. പോണ്ടിച്ചേരി മെഡിക്കൽ കോളേജിലാണ്. ഭാര്യ ഡോ. നന്ദിനി. അവരുടെ മകൻ സമർദ്ധ്.
നാലാമത്തെയാൾ ദേവൻ മോഹൻ. ഭാര്യ അഖില. രണ്ടു പേരും ആസ്ട്രേലിയയിൽ ബെൽബണിലാണ്.
അഞ്ചാമത്തെയാൾ ഡോ. അർജ്ജുൻ മോഹൻ. റേഡിയോളജിസ്റ്റാണ്. ചെന്നൈ അപ്പോളയിലായിരുന്നു. ഇപ്പോൾ ബ്രേക്കെടുത്തിരിക്കുന്നു.