lock-down

കൊവിഡ് ബാധിതരുടെ സംഖ്യ ഉയർന്നുകൊണ്ടേയിരിക്കുന്ന സാഹചര്യത്തിൽ ലോക്ക് ഡൗൺ മേയ് 17 വരെ നീട്ടാനുള്ള കേന്ദ്ര തീരുമാനം യാഥാർത്ഥ്യബോധത്തോടെയുള്ളതാണ്. പാശ്ചാത്യ രാജ്യങ്ങളിലെപ്പോലെ സംഭ്രമജനകമായ നിലയിൽ രോഗവർദ്ധന ഇവിടെ ഇതുവരെ വന്നിട്ടില്ലെങ്കിലും ക്രമാനുഗതമായ വളർച്ച ആശങ്കാജനകം തന്നെയാണ്. മാർച്ച് 24-ന് ഏർപ്പെടുത്തിയ ലോക്ക് ഡൗണാണ് രോഗവ്യാപനം ഗണ്യമായ നിലയിൽ പിടിച്ചുനിറുത്തിയതെന്നു പറയാം. വളരെയധികം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടും മഹാരാഷ്ട്ര പോലുള്ള ചില സംസ്ഥാനങ്ങളിൽ രോഗികൾ പെരുകുന്നതാണ് ഇപ്പോഴത്തെ പ്രധാന ആശങ്ക. മഹാരാഷ്ട്രയ്ക്കു പുറമെ ഗുജറാത്ത്, മദ്ധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളും ഏറെ ഉത്‌കണ്ഠ ജനിപ്പിക്കുന്നു. ശനിയാഴ്ച രാവിലെയുള്ള കണക്കനുസരിച്ച് രാജ്യത്തൊട്ടാകെ 37336 കൊവിഡ് രോഗികളാണുള്ളത്. ഇതിൽ പകുതിയിലേറെയും മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ് എന്നീ മൂന്നു സംസ്ഥാനങ്ങളിൽ നിന്നാണ്. മൊത്തം 1223 പേർ മരിച്ചതിൽ പകുതിയിലധികം പേർ ഇപ്പറഞ്ഞ മൂന്നു സംസ്ഥാനങ്ങളിലുള്ളവരാണ്. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ കൂടുതൽ കർക്കശമായി നടപ്പാക്കേണ്ടതിന്റെ പ്രാധാന്യം വിളിച്ചോതുന്ന കണക്കുകളാണിത്. സ്ഥിതി കൈവിട്ടു പോയാൽ ഉണ്ടാകാവുന്ന ആപത്തിനെക്കുറിച്ച് എല്ലാവരും ബോധവാന്മാരാകേണ്ടതുണ്ട്. സ്ഥിതി മെച്ചപ്പെട്ട ഇടങ്ങളിൽ കേന്ദ്രം ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരം ഇളവുകൾ അതതിടങ്ങളിലെ സാഹചര്യങ്ങൾക്കനുസരിച്ചാകണം നടപ്പാക്കേണ്ടതെന്ന് പ്രത്യേകം പറയേണ്ടതില്ല.

ലോക്ക് ഡൗൺ കേന്ദ്രം രണ്ടാഴ്ചത്തേക്കു കൂടി ദീർഘിപ്പിച്ച സാഹചര്യത്തിൽ തിങ്കളാഴ്ച മുതൽ വരുത്തേണ്ട പുതിയ ഇളവുകളെക്കുറിച്ച് സംസ്ഥാന മന്ത്രിസഭ ഇന്നലെ വിശദമായി ചർച്ച നടത്തുകയുണ്ടായി. മദ്യശാലകൾ തത്‌കാലം തുറക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇതിൽ പ്രധാനം. തിങ്കളാഴ്ച മുതൽ ബെവ്‌കോ വില്പനശാലകൾ തുറന്ന് പ്രവർത്തിക്കാനുള്ള ഒരുക്കം തുടങ്ങിയതാണെങ്കിലും മന്ത്രിസഭാ യോഗം അതിന് എതിരായ നിലപാടാണ് എടുത്തത്. മദ്യവില്പനശാലകൾ ഇപ്പോൾ തുറക്കുന്നത് ഒന്നിലേറെ കാരണങ്ങളാൽ വലിയ പ്രത്യാഘാതങ്ങൾക്കു കാരണമാകുമെന്നായിരുന്നു വിലയിരുത്തൽ. അത് യാഥാർത്ഥ്യവുമാണ്. എത്രയൊക്കെ നിയന്ത്രിച്ചാലും മദ്യവില്പനശാലകൾക്കു മുമ്പിൽ വൻ ജനക്കൂട്ടത്തിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാവില്ല. വൻ പൊലീസ് സന്നാഹം തന്നെ വേണ്ടിവരും, തിരക്കു നിയന്ത്രിക്കാൻ. എല്ലാറ്റിനും പുറമേ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ മുതലെടുപ്പിന് വെറുതേ അവസരം നൽകേണ്ടതില്ലെന്ന നിലപാടും സർക്കാരിനുണ്ട്. മദ്യശാലകൾ തുറക്കുന്നതിനെതിരെ സമരത്തിനു കോപ്പുകൂട്ടുന്ന പ്രതിപക്ഷത്തെ നിരായുധരാക്കാൻ സർക്കാർ തീരുമാനം സഹായിക്കുമെന്നു തീർച്ച.

ലോക്ക് ഡൗണിന്റെ ഇനിയുള്ള ദിവസങ്ങളിലും കേന്ദ്ര മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് മുന്നോട്ടുപോകാനാണ് സംസ്ഥാനത്തിന്റെ തീരുമാനം. സോണുകളുടെ പുനർനിർണയവും അതതിടങ്ങളിലെ ഇളവുകളും സംബന്ധിച്ച തീരുമാനം അവിടത്തെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലാണ് . ഇന്നലത്തെ പുനർനിർണയമനുസരിച്ച് സംസ്ഥാനത്ത് ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകൾ മാത്രമാണ് ഗ്രീൻ സോണിൽ. ഒൻപതു ജില്ലകൾ ഓറഞ്ച് സോണിലാണ്. കോട്ടയവും കണ്ണൂരും റെഡ് സോണിൽ തുടരും. ഗ്രീൻ, ഓറഞ്ച് സോണുകളിൽ സംസ്ഥാന സർക്കാർ പല ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഞായറാഴ്ച എല്ലായിടത്തും സമ്പൂർണ അവധിയാണ്. അന്ന് കടകൾ തുറക്കാനോ വാഹനങ്ങൾ നിരത്തിലിറക്കാനോ പാടില്ല. ഇളവുകൾ ദുരുപയോഗം ചെയ്യാതിരിക്കുകയും നിയന്ത്രണങ്ങൾ ലംഘിക്കാതിരിക്കുകയും ചെയ്യേണ്ടത് ജനങ്ങളാണ്. രോഗവ്യാപനം തടയാൻ ആളുകളുടെ വരവും പോക്കും കർശനമായി നിയന്ത്രിക്കപ്പെടേണ്ടതുണ്ട്. ലോക്ക് ഡൗണിന്റെ പ്രധാന ലക്ഷ്യവും അതുതന്നെ. അതുകൊണ്ട് അതു സംബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ജനങ്ങൾ അതേപടി അനുസരിക്കുകയാണ് വേണ്ടത്. ലോക്ക് ഡൗണുമായി എല്ലാവരും ഇപ്പോൾ പൊരുത്തപ്പെട്ടുകഴിഞ്ഞു. രണ്ടാഴ്ച കൂടി ക്ഷമാപൂർവം അതുമായി സഹകരിക്കാൻ വിഷമം കാണില്ല. ഇത് മറ്റാർക്കും വേണ്ടിയല്ല തനിക്കും കുടുംബത്തിനാകെത്തന്നെയും വേണ്ടിയുള്ളതാണെന്നു ബോദ്ധ്യമായാൽ നിയന്ത്രണങ്ങളുമായി ഏവരും സഹകരിച്ചുകൊള്ളും.

കൊവിഡ് പ്രതിരോധത്തിൽ രാജ്യത്ത് മുൻനിരയിൽ നിൽക്കുന്ന കേരളത്തിന് ആശ്വാസദിനമായിരുന്നു വെള്ളിയാഴ്ച. ഏറെ ദിവസങ്ങൾക്കുശേഷം പുതുതായി ഒരു രോഗി പോലും ആശുപത്രിയിലെത്താത്ത ദിനമാണിത്. പത്തോളം പേർ ചികിത്സ വിജയകരമായി പൂർത്തിയാക്കി ആശുപത്രി വിട്ടതും വെള്ളിയാഴ്ചയുടെ പ്രധാന നേട്ടമായി. രണ്ട് ചുവപ്പു മേഖല ഒഴിച്ചാൽ സംസ്ഥാനത്ത് പൊതുവേ ആശ്വാസകരമായ സ്ഥിതിയാണെന്നു പറയാം. പുതിയ ഇളവുകൾ ഇപ്പോഴത്തെ നേട്ടങ്ങൾ ഹനിക്കാൻ ഇടവരുന്ന വിധമാകാതിരിക്കാൻ സർക്കാരും ജനങ്ങളും പ്രത്യേക കരുതലും ജാഗ്രതയും പുലർത്തേണ്ടതുണ്ട്. കൂടുതൽ ഇളവുകൾക്കായി ദാഹിച്ചുകഴിയുന്നവർ ധാരാളമുണ്ട്. കടുത്ത നിയന്ത്രണങ്ങൾക്കിടയിലും കെട്ടുപൊട്ടിച്ചു പായാൻ വെമ്പുന്നവർ സൃഷ്ടിക്കുന്ന പൊല്ലാപ്പുകൾ നിയമപാലകരെ ഒട്ടൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഓരോ ദിവസവും മൂവായിരവും നാലായിരവുമൊക്കെ പേരാണ് ലോക്ക് ഡൗൺ ലംഘനത്തിന്റെ പേരിൽ കേസിലും അറസ്റ്റിലുമൊക്കെ കുടുങ്ങുന്നത്. ഇത്തരത്തിലുള്ള നിയമലംഘനങ്ങളും അച്ചടക്കരാഹിത്യവുമാണ് അങ്ങിങ്ങ് പുതിയ കൊവിഡ് രോഗികളെ സൃഷ്ടിക്കുന്നതെന്ന കാര്യം മറക്കരുത്.

ലോക്ക് ഡൗണിനെത്തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടക്കുന്ന അന്യദേശ തൊഴിലാളികളെ അവരവരുടെ നാട്ടിലേക്കു മടക്കി അയയ്ക്കാൻ നടപടിയായതാണ് അഭിനന്ദനീയമായ പുതിയ മാതൃക. വെള്ളിയാഴ്ച ഇത്തരത്തിലുള്ള ആദ്യ ട്രെയിൻ ആലുവയിൽ നിന്ന് ഒറീസയിലെ ഭുവനേശ്വറിലേക്കു തിരിച്ചു. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തിരൂർ എന്നിവിടങ്ങളിൽ നിന്ന് അഞ്ച് പ്രത്യേക വണ്ടികൾ പാറ്റ്‌ന, ജാർഖണ്ഡ്, ഭുവനേശ്വർ എന്നിവിടങ്ങളിലേക്കു ഇന്നലെ തിരിച്ചിട്ടുണ്ട്. വഴിയിൽ കഴിക്കാൻ ഭക്ഷണവും കുടിക്കാൻ വെള്ളവും പെട്ടെന്ന് അസുഖം പിടിപെട്ടാൽ കഴിക്കാൻ ആവശ്യമായ മരുന്നുകളുമൊക്കെ നൽകിയാണ് തൊഴിലാളികളെ വണ്ടി കയറ്റി വിട്ടത്. അതിഥി തൊഴിലാളികളുടെ കാര്യത്തിൽ സംസ്ഥാനം കൈക്കൊണ്ട വലിയ കരുതലും സ്നേഹവായ്‌പും പ്രതിഫലിക്കുന്നതാണ് അവർക്കു നൽകിയ യാത്രഅയപ്പ്. ഇനിയുള്ള ദിവസങ്ങളിലും ശേഷിക്കുന്ന അതിഥി തൊഴിലാളികൾക്കും കുടുംബങ്ങൾക്കും വേണ്ടി പ്രത്യേക ട്രെയിനുകൾ ഓടിക്കാൻ പദ്ധതിയുണ്ട്. അന്യസംസ്ഥാനങ്ങളിൽ ഇതുപോലെ ലോക്ക് ഡൗണിൽ കുടുങ്ങിപ്പോയ മലയാളികളെ തിരിച്ചെത്തിക്കുക എന്നതാണ് അടുത്ത കടമ്പ. ഇതിനായി നോർക്ക ആരംഭിച്ച രജിസ്ട്രേഷനിൽ ഒരുലക്ഷത്തിലേറെ പേർ ഇതിനകം പേരുകൾ ചേർത്തുകഴിഞ്ഞു. ഇവരെയൊക്കെ സംസ്ഥാനം ബസുകൾ ഏർപ്പാടാക്കി മടക്കിക്കൊണ്ടുപോകണമെന്ന കേന്ദ്ര നിലപാട് തിരുത്തിക്കാൻ കേരളത്തിനു കഴിഞ്ഞു. അതിന്റെ ഫലമായിട്ടാണ് പ്രത്യേക ട്രെയിനുകൾ ഓടിത്തുടങ്ങിയത്. നാട്ടിലേക്കു വരാൻ കാത്തിരിക്കുന്ന മൂന്നര ലക്ഷത്തോളം പ്രവാസികൾ വിവിധ രാജ്യങ്ങളിലായി ഉണ്ട്. അതിനുള്ള നടപടികൾ ഇനിയും തുടങ്ങിയിട്ടില്ല.