y99iuttt

വർക്കല: കൊവിഡിനെക്കുറിച്ച് ഒന്നും അറിയില്ലെങ്കിലും ഒരോ ജീവൻ പൊലിയുമ്പോഴും പുനർജനിയിലെ അമ്മമാരുടെ കണ്ണുകൾ ഇൗറനണിയും. പിന്നെ ടിവിക്ക് മുന്നിൽ കണ്ണടച്ച് പ്രാർത്ഥിക്കും, ആർക്കും ഒന്നും വരുത്തരുതേ എന്ന്. 12 വർഷമായി വർക്കലയിൽ പ്രവർത്തിക്കുന്ന പുനർജനിയുടെ തണലിൽ മക്കളും കൂടപ്പിറപ്പുകളും ഉപേക്ഷിച്ച് പോയ 15ഓളം അമ്മമാരുണ്ട്. ലോക്ക് ഡൗൺ കാലത്തും അവരുടെ ഭക്ഷണത്തിനും മരുന്നുകൾക്കും മുടക്കങ്ങളൊന്നുമില്ലാതെയാണ് അഗതിമന്ദിരത്തിന്റെ പ്രവർ‌ത്തനം. ചെയർമാൻ ഡോ.ട്രോസി ജയനും ഭാര്യയും ട്രസ്റ്റ് സെക്രട്ടറിയുമായ മായാദേവിയുമാണ് രക്ഷാധികാരികൾ. അമ്മമാരുടെ പരിചരണത്തിനായി അഞ്ചു സ്ത്രീകളുമുണ്ട്. 45 വയസു മുതൽ 95 വയസുള്ളവ‌ർ വരെ ഇവിടത്തെ അന്തേവാസികളാണ്. മുടങ്ങാതെ അന്നവും തല ചായ്ക്കാൻ ഇടവും നൽകുന്ന ട്രോസിനെയും മായാദേവിയെയും സ്വന്തം മക്കളായി ചേർത്തുപിടിച്ചിരിക്കുയാണ് അമ്മമാർ. അവരുടെ നന്ദിപറച്ചിൽ അനന്ദ കണ്ണീരിലൂടെയാണെന്ന പരിഭവം മാത്രമേ ട്രോസിനും മായയ്ക്കുമുള്ളൂ. ഓർഫനേജ് കൺട്രോൾ ബോഡിന്റെ അംഗീകാരവും ഐ.എസ്.ഒ സർട്ടിഫിക്കറ്റും ലഭിച്ച അഗതി മന്ദിരം പിരിവുകളൊന്നും നടത്താതെ നല്ല മനുഷ്യരുടെ സഹായത്താലാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്ന് ഡോ.ട്രോസി ജയൻ പറഞ്ഞു. സർക്കാരിന്റെ ആനുകൂല്യങ്ങളൊന്നും ലഭിക്കാതെ വാടക കെട്ടിടത്തിലാണ് കേന്ദ്രം ഇപ്പോഴും പ്രവർത്തിക്കുന്നത്. അർഹമായ സർക്കാർ സഹായങ്ങൾ വെെകാതെ ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് രക്ഷാധികാരികളും.