തിരുവനന്തപുരം: കൊവിഡ്-19മായി ബന്ധപ്പെട്ട് പ്രതിപക്ഷനേതാവിന്റെ കൺട്രോൾ റൂമിലെത്തിയത് 24000 ത്തോളം പരാതികൾ. മുഖ്യമന്ത്രിക്ക് 25ഉം പ്രധാനമന്ത്രിക്ക് 7ഉം വിദേശകാര്യമന്ത്രിക്ക് 11ഉം കത്തുകൾ നൽകി. കേന്ദ്ര, സംസ്ഥാനസർക്കാരുകൾ ഇവയിൽ പലതിലും ഇടപെട്ട് പരിഹാരങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് ചെന്നിത്തല പറഞ്ഞു.

സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20000 കോടിയുടെ പാക്കേജിനെ സംബന്ധിച്ചുയർന്ന പരാതികളിൽ നടപടിയുണ്ടായിട്ടില്ല. കുടുംബശ്രീക്ക് 20000 രൂപ വായ്പ നൽകുമെന്ന് അറിയിച്ചെങ്കിലും അതുണ്ടായില്ല. ജനങ്ങളുമായി അടുത്തിടപഴകുന്ന പഞ്ചായത്തുകൾക്ക് കമ്യൂണിറ്റി കിച്ചൺ നടത്തിപ്പിന് പ്രത്യേക തുക അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെട്ടിട്ടില്ല.
ഗൾഫിൽ ലേബർ കാമ്പുകളിൽ പെട്ടവർക്ക് മരുന്നും ഭക്ഷണവുമെത്തിക്കാനുള്ള ഇടപെടലിന് ഒ.ഐ.സി.സി., കെ.എം.സി.സി., ഇൻകാസ് തുടങ്ങിയവയെ ചുമതലപ്പെടുത്തി. കൊവിഡ് പോസിറ്റീവ് കേസുകൾക്ക് ചികിത്സ ലഭിച്ചില്ലെന്ന പരാതിയിലും എംബസികളുമായി ബന്ധപ്പെട്ട് പരിഹാരമുണ്ടാക്കി. കൊവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച അമേരിക്കയിലെയും ബ്രിട്ടനിലെയും പ്രവാസി സമൂഹങ്ങളുമായും വീഡിയോ കോൺഫറൻസ് വഴി സംസാരിച്ചു.