വെള്ളറട: നൂലിയം പാറമടയ്ക്ക് സമീപം പുരുഷന്റേതെന്ന് സംശയിക്കുന്ന ഒരു വർഷത്തിലേറെ പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തി. ഇന്നലെ രാവിലെ പാറമടയ്ക്കു സമീപമുള്ള റബർ പുരയിടത്തിൽ പുല്ലുപറിക്കാൻ പോയ ക്ഷീര കർഷകനാണ് തറയിൽ അസ്ഥികൂടം കണ്ടത്. തുടർന്ന് വെള്ളറട പൊലീസിൽ വിവരമറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ സമീപത്തെ റബർ മരത്തിൽ തൂങ്ങാനുപയോഗിച്ച കയറും കണ്ടെത്തി. ധരിച്ചിരുന്ന ചെരുപ്പ് പുരുഷന്റേതാണ്. വളരെക്കാലമായി ടാപ്പിംഗ് നടക്കാതെ കിടക്കുന്നതാണ് ഈ റബർ പുരയിടം. വെള്ളറട സി.ഐ എം. ശ്രീകുമാർ,​ എസ്.ഐ സതീഷ് ശേഖർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി അസ്ഥികൂടം മെഡിക്കൽ കോളേജിൽ പരിശോധനയ്ക്ക് അയച്ചു.