ci

തിരുവനന്തപുരം:ലോക്ക്ഡൗൺമൂലം ഏറ്റവുമധികം പ്രതിസന്ധിയിലായ സിനിമാമേഖലയ്ക്ക് നേരിയ ഇളവുകൾ അനുവദിച്ചു. പരമാവധി അഞ്ചുപേർക്ക് ചെയ്യാവുന്ന പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കാനാണ് സർക്കാർ അനുമതി നൽകിയത്. ഡബ്ബിംഗ്, സംഗീതം, സൗണ്ട് മിക്സിംഗ് ജോലികൾക്കാണ് തിങ്കളാഴ്ച മുതൽ അനുമതി. സിനിമാമന്ത്രി എ.കെ.ബാലൻ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

കൊവിഡ് വ്യാപനം തടയാൻ സർക്കാർ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചുകൊണ്ടുവേണം ജോലികൾ ചെയ്യാൻ. ജോലിതുടങ്ങും മുമ്പ് ഉപകരണങ്ങൾ അണുവിമുക്തമാക്കണം. അതുപോലെ ജോലിചെയ്യുന്നവർ മാസ്ക് ധരിക്കുകയും സാമൂഹിക അകലംപാലിക്കുകയും വേണം. ജോലി ആരംഭിക്കും മുമ്പ് കൈകൾ വൃത്തിയാക്കുകയും വേണം.