വെമ്പായം : ദുർഗന്ധംവമിക്കുന്ന മത്സ്യം കയറ്റിവന്ന കണ്ടെയ്നർ ലോറി നാട്ടുകാർ തടഞ്ഞു . വെഞ്ഞാറമൂട്ടിൽ നിന്നു തേമ്പാമൂട് വഴി വെമ്പായം നെടുമങ്ങാട് ഭാഗത്തേക്കുവന്ന ഗുജറാത്ത് രജിസ്ട്രേഷൻ കണ്ടെയ്നർ ലോറിയാണ് വെമ്പായം ചിറത്തലയ്ക്കൽ വച്ച് തടഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. വെഞ്ഞാറമൂട് തേമ്പാമൂട് വഴി മലയോര പ്രദേശങ്ങളിൽ വില്പനയ്ക്കും നെടുമങ്ങാട്‌ ചന്തയിലേക്കും കൊണ്ടു പോകുന്നതിനായി ഇടറോഡിലൂടെ കൊണ്ടു പോകുമ്പോഴാണ് വാഹനം തടഞ്ഞത്. വെഞ്ഞാറമൂട് സർക്കിളിന് നേതൃത്വത്തിൽ സ്ഥലത്തെത്തിയ പൊലീസ് മേലുദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം വാഹനം കസ്റ്റഡിയിലെടുത്തു . ഗുജറാത്തിൽ നിന്നാണ് മീൻ കയറ്റിവന്നത്. സീൽ ചെയ്ത പെട്ടിയോ , സർട്ടിഫിക്കറ്റുകളോ ഒന്നും തന്നെ ഇല്ലാതെ വന്ന വാഹനമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥർക്ക് മനസിലായതിന്റെ അടിസ്ഥാനത്തിലാണ് വാഹനം കസ്റ്റഡിയിലെടു ത്തത്. സേഫ്റ്റി ഉദ്യോഗസ്ഥരുടെ പരിശോധനയിൽ മത്സ്യം ചീഞ്ഞ താണെന്നും ആറുമാസം പഴക്കമുണ്ടെന്നും വ്യക്തമായി. 125 പെട്ടികളിലായി നിറച്ച മത്സ്യം കുഴിച്ചുമൂടി .വാഹനത്തിൽ 2 ഗുജറാത്ത് സ്വദേശികളും ഒരു കാസർകോട് സ്വദേശിയുമാണ് ഉണ്ടായിരുന്നത്. ഇവരെ ക്വറന്റൈനിൽ പ്രവേശിപ്പിക്കണമെന്ന് നെല്ലനാട് ഹെൽത്ത് ഇൻസ്പെക്ടർ വെഞ്ഞാറമൂട് സർക്കിളിനോട് ആവശ്യപ്പെട്ടു.