തിരുവനന്തപുരം: ജീവനക്കാരുടെ ശമ്പളം മാറ്റിവയ്ക്കൽ ഓർഡിനൻസ് ഗവർണർ ഒപ്പുവച്ച ശേഷം പിഴവ് കണ്ടെത്തിയതിനെ തുടർന്ന് തിരുത്തിയത് അസാധാരണമെന്ന ആക്ഷേപമുയരുന്നു.
1950ലെ ദുരന്ത നിവാരണ നിയമത്തിലെ നിർവചനമനുസരിച്ചുള്ള ഓർഡിനൻസ് എന്ന് ആമുഖത്തിൽ വിശദീകരിച്ചതാണ് പിഴവായത്. 1950ൽ അങ്ങനെ നിയമമില്ല. 2005ലാണ് ദുരന്തനിവാരണ നിയമം വന്നത്. പിഴവ് പറ്റിയാൽ ഭേദഗതി ഓർഡിനൻസിലൂടെയേ തിരുത്തൽ വരുത്താവൂ എന്ന ചട്ടം ലംഘിച്ച് എക്സിക്യൂട്ടീവ് ഉത്തരവിലൂടെ ധൃതി പിടിച്ച് തിരുത്തിയത് തെറ്റെന്നാണ് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.
സുവർണ ത്രികോണതത്വം പാലിച്ച് വേണം നിയമം നിർമ്മിക്കാനെന്ന ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളും പുതിയ ഓർഡിനൻസിൽ ലംഘിക്കപ്പെട്ടു. അനുച്ഛേദം 14 (തുല്യത), അനുച്ഛേദം 19 (അഭിപ്രായ സ്വാതന്ത്ര്യം), അനുച്ഛേദം 21 (വ്യക്തിസ്വാതന്ത്ര്യം) എന്നിവ പാലിക്കപ്പെട്ടില്ലെന്നാണ് വാദം. ഏത് നിയമവും ജുഡിഷ്യൽ പരിശോധനയ്ക്ക് വിധേയമാകണമെന്ന തത്വവും ലംഘിക്കപ്പെട്ടെന്നാണ് മറ്റൊരാക്ഷേപം. ഏതെങ്കിലും ചട്ടത്തിലോ കോഡിലോ നിയമത്തിലോ കോടതിവിധിയിലോ എന്തുതന്നെ പറഞ്ഞാലും ശമ്പളം മാറ്റിവയ്ക്കൽ ഉത്തരവിന് തടസമാകില്ലെന്ന പുതിയ ഓർഡിനൻസിലെ വ്യവസ്ഥയാണ് ഇതിന് തെളിവായി പറയുന്നത്. മാറ്റിവയ്ക്കുന്ന ശമ്പളം എന്ന് തിരിച്ചുനൽകുമെന്ന് വ്യക്തമാക്കാത്തതും നിയമത്തിൽ അപാകതയുണ്ടെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ പരിഹരിക്കുമെന്ന വ്യവസ്ഥയും ഭരണഘടനാവിരുദ്ധമാണെന്ന വിമർശനം പ്രതിപക്ഷ സംഘടനകൾ ഉയർത്തുന്നു. ഓഡിനൻസിന്റെ കാലാവധി 6 മാസമാണ്. നിയമസഭ ചേർന്ന് ആറാഴ്ചക്കുള്ളിൽ ഓർഡിനൻസ് നിയമമാക്കിയില്ലെങ്കിൽ റദ്ദാകും. എന്നാൽ രണ്ട് വർഷമെന്ന വ്യവസ്ഥ ഉൾപ്പെടുത്തിയത് നിയമസഭ ഇനി രണ്ട് വർഷത്തേക്ക് ചേരില്ലെന്ന് സൂചിപ്പിക്കുന്നതാണെന്നാണ് വാദം. സർക്കാരിന് ഇനി ഒരു വർഷ കാലാവധിയാണുള്ളതും.എന്നാൽ ദുരന്തത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഇത്തരം വ്യവസ്ഥകളോടെ ഓർഡിനൻസ് കൊണ്ടുവരാൻ ദുരന്തനിവാരണ നിയമം അനുവദിക്കുന്നുണ്ടെന്നാണ് മറുവാദം.