നെയ്യാറ്റിൻകര :ലോക്ക് ഡൗൺ പ്രഖ്യാപിക്കുകയും ഇപ്പോൾ ഹോട്ട് സ്‌പോട്ടായി മാറുകയും ചെയ്തതതോടെ നെയ്യാറ്റിൻകരയിലെ ഗ്രാമീണ കർഷകരുടെ ജീവിതം ദുരിതത്തിലായി. വയലേലകൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്ത ചെറുകിട കർഷകർക്കാണ് ചന്തകളും തെരുവോര വിപണികളും അടച്ചു പൂട്ടിയതോടെ കാർഷിക വിളകൾ വിൽക്കാൻ ഇടമില്ലാതെ ദുരിതത്തിലായത്. കുറഞ്ഞ വിലയ്ക്ക് ഇവ നൽകാമെന്ന് വച്ചാലും പച്ചക്കറികൾ ശേഖരിക്കുന്ന പച്ചക്കറി സംഘങ്ങൾ ഇവ വാങ്ങുന്നില്ലെന്ന് കർഷകർ പറയുന്നു.
മാർച്ച് മാസം മുതൽ വേനൽ ശക്തിപ്രാപിച്ചതോടെ താലൂക്കിലെ ഉയർന്ന മേഖലയിലെ കർഷകരാണ് ഏറെയും ദുരിതത്തിലായത്. റബർ,വാഴ,ജാതി,കൈത തുടങ്ങിയ വിളകളെല്ലാം വാടിക്കരിഞ്ഞ് തുടങ്ങിയതോടെ കർഷകർ ആശങ്കയിലായി. മുൻ വർഷങ്ങളിൽ ജനുവരി പാതിയോടെയും ഫെബ്രുവരി ആദ്യ വാരത്തോടെയും ആശ്വാസമായി വേനൽ മഴ കിട്ടിയിരുന്നു. എന്നാൽ, ഇക്കുറി വേനൽ മഴ ശരിയാം വിധം ലഭിച്ചിട്ടില്ലെന്ന് കർഷകർ പറയുന്നു.
ഓണവിപണി ലക്ഷ്യമിട്ട് വാഴ നട്ടവരാണ് ഏറെയും പ്രതിസന്ധിയിലായത്. വെള്ളമൊഴിച്ച് സംരക്ഷിക്കാൻ കഴിയാത്തതിനാൽ പുല്ലും ഇലകളുമിട്ട് താത്കാലിക സംരക്ഷണം ഒരുക്കുകയാണ് കർഷകർ. ഈ സ്ഥിതി തുടർന്നാൽ വൻ നഷ്ടമാണ് കർഷകരെ കാത്തിരിക്കുന്നത്. ഉയർന്ന കൂലിക്ക് സ്ഥലം പാട്ടമെടുത്ത് കൃഷി നടത്തുന്നവരാണ് മിക്കവരും.
ദുരിതത്തിലായത്
പെരുമ്പഴുതൂർ
ആയയിൽ
മാരായമുട്ടം
മഞ്ചവിളാകം
ഓലത്താന്നി
പിരായുംമൂട്
തുടങ്ങിയ പ്രദേശത്തെ വാഴ കർഷകർ
വാഴയ്ക്കും മറ്റ് കാർഷിക വിളകൾക്കും ഇൻഷ്വറൻസ് പരിരക്ഷയും മറ്റും ഉണ്ടെങ്കിലും കഴിഞ്ഞ പേമാരിയിൽ കൃഷി നഷ്ടപ്പട്ട കർഷകർക്ക് ഇൻഷ്വറൻസ് തുക ലഭിക്കാത്തതിനാൽ ഇക്കുറി മിക്കവരും സംരക്ഷണ പ്രിമിയം അടച്ചിട്ടില്ല. പേമാരിയിൽ കൃഷി നഷ്ടപ്പെട്ടവർക്ക് കഴിഞ്ഞ ആറ് വർഷക്കാലമായി നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കൃഷി ഭവനിൽ നിന്ന് എല്ലാ കർഷകർക്കും ആനുകൂല്യം ലഭിക്കാറില്ല.
- കർഷകർ
പാളിയ പദ്ധതികൾ
നെയ്യാർ ഇറിഗേഷൻ കനാലിന് ഇരുവശവും താമസിക്കുന്ന കർഷകരെ സംയോജിപ്പിച്ച് കൂട്ടുകൃഷി പദ്ധതി കൃഷി വകുപ്പ് ആവിഷ്‌കരിച്ചെങ്കിലും പദ്ധതി പാളി. ആവശ്യത്തിന് ജലം നെയ്യാർ ഇറിഗേഷൻ കനാൽ വഴി തുറന്നു വിടാത്തതു കാരണമാണ് പദ്ധതി വഴിയിലായത്. ഇതിലേക്കായി കർഷകർക്ക് വിത്തും വളവും വാങ്ങാൻ നൽകിയ സബ്‌സിഡിയും പാഴായി.