മുടപുരം: സമൂഹത്തിന്റെ താഴെത്തട്ടിൽ തുച്ഛമായ ലാഭം മാത്രം ലഭിക്കുന്ന ഈറത്തൊഴിലാളികൾ ഉത്പന്നങ്ങൾ വിൽക്കാൻ കഴിയാതെ വലയുകയാണ്. മംഗലപുരം പഞ്ചായത്തിലെ ശാസ്തവട്ടത്ത് ഈ മേഖലയിൽ തൊഴിലെടുക്കുന്ന നൂറോളം പേർ രണ്ട് മാസത്തിലേറെയായി ഒരു വരുമാനവും ഇല്ലാത്തതിനാൽ നിത്യച്ചെലവുകൾക്കും മരുന്നുവാങ്ങാനും വഴിയില്ലാതെ പെടാപ്പാടുപെടുന്നു.
സർക്കാർ നൽകുന്ന ക്ഷേമ പെൻഷനും സൗജന്യ റേഷനും ധാന്യക്കിറ്റും ലഭിച്ചതിനാൽ ഭൂരിഭാഗം പേരും പട്ടിണി ഇല്ലാതെ കഴിയുന്നു. ക്ഷേമപെൻഷൻ ഇല്ലാത്തവരുടെയും രോഗികളുടെയും സ്ഥിതി ദയനീയമാണ്.
ഈറ തൊഴിലാളിയായ 64 കാരി മേരിയുടെ വീട്ടിൽ 5000ൽ പരം രൂപയുടെ ഉത്പന്നങ്ങൾ മൂന്ന് മാസമായി വിൽക്കാൻ കഴിയാതെ ഇരിക്കുകയാണ്. ഇത്തരത്തിൽ ഒട്ടേറെ തൊഴിലാളികളുടെ വീട്ടിൽ ഉത്പന്നങ്ങൾ കെട്ടിക്കിടപ്പുണ്ട്. ആറ് മാസം കൂടുമ്പോൾ മാത്രമാണ് ബാംബൂ കോർപ്പറേഷന്റെ ശാസ്തവട്ടത്തെ സബ് ഡിപ്പോ വഴി ഈറ എവിടെ എത്തിക്കുന്നത്. അവർ എത്തിക്കുന്ന ഈറ തൊഴിലാളികൾക്ക് തീരെ അപര്യാപ്തമാണ്. അങ്ങനെ വരുമ്പോൾ ആര്യനാട് പോയി ഈറ വാങ്ങി തൊഴിലാളികൾ കൊണ്ടുവരും. ഇത് തൊഴിലാളികൾക്ക് ഭാരിച്ച ചെലവ് വരുത്തും. ഇത്തരത്തിൽ കഷ്ടപ്പെട്ട് കൊണ്ട് വന്ന ഈറ ഉപയോഗിച്ച് നിർമ്മിച്ച ഉത്പന്നങ്ങളാണ് കെട്ടികിടക്കുന്നത്. ഇത് വിൽക്കാൻ ഇനിയും അവസരം ലഭിക്കാതിരുന്നാൽ ഉത്പന്നങ്ങൾ ചീത്തയാകും. ഈ ദുരവസ്ഥ തരണം ചെയ്യാൻ സർക്കാർ ധനസഹായം നൽകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം