നെടുമങ്ങാട്: വരാൻ പോകുന്ന ഭക്ഷ്യക്ഷാമത്തെയും തരിശു രഹിത ഗ്രാമങ്ങളുടെ അനിവാര്യതയെയും പറ്റി മുഖ്യമന്ത്രി ഓർമ്മപ്പെടുത്തുമ്പോൾ, നാലര വർഷം മുമ്പേ ഇത് മുൻകൂട്ടിക്കണ്ട് ഫലപ്രാപ്തിയിൽ എത്തിയതിന്റെ നിർവൃതിയിലാണ് നെടുമങ്ങാട് ബ്ലോക്ക്. 'സംസ്ഥാനത്തെ മികച്ച ജൈവബ്ലോക്ക് ' എന്ന അംഗീകാരവുമായി കൊവിഡ് കാലത്ത് 12 ഏക്കറിലാണ് ജൈവകൃഷി ആരംഭിച്ചത്. രണ്ടരലക്ഷം പച്ചക്കറി തൈകൾ ഉത്പാദിപ്പിച്ച് വിതരണം ചെയ്തു കഴിഞ്ഞു.10 ലക്ഷം തൈകൾ വിതരണത്തിന് തയാറാവുന്നു. തരിശിടങ്ങൾ ഉൾപ്പെടെ 500 ഏക്കറോളം സ്ഥലത്താണ് ബ്ലോക്കിന്റെ ജൈവകൃഷി. 17 പേർക്ക് സ്ഥിരം ജോലിയും നൂറോളം പേർക്ക് പ്രതിവർഷം 150-200 തൊഴിൽ ദിനങ്ങളും ലഭ്യമാക്കിയ ജൈവഗ്രാമം മറ്റു തദ്ദേശസ്ഥാപനങ്ങൾക്ക് മാതൃകയാണ്. ബ്ലോക്ക് പ്രസിഡന്റ് ബി.ബിജുവാണ് പദ്ധതിയുടെ നടത്തിപ്പുകാരൻ.
പ്രതിവർഷ ലാഭം 25 ലക്ഷം രൂപ
ജൈവപച്ചക്കറികൃഷിയിലൂടെ പ്രതിവർഷ വരുമാനം - 6 കോടി രൂപ
നേട്ടങ്ങളിൽ ചിലത്
2000 കോഴിമുട്ട കമ്മ്യൂണിറ്റി കിച്ചണുകളിൽ വിതരണം ചെയ്തു
2 ലക്ഷം പച്ചക്കറി തൈകൾ കുടുംബശ്രീ വഴി വിതരണം ചെയ്തു
കുറഞ്ഞനിരക്കിൽ വില്പന നടത്തിയത് 4 ലക്ഷം തൈകൾ
പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ നൽകിയത് 5000 കിലോ ഉത്പന്നങ്ങൾ
മികച്ച മാതൃക
അരുവിക്കര, കരകുളം, പനവൂർ പഞ്ചായത്തുകളിലായി 100 ഏക്കർ തരിശുഭൂമി ഏറ്റെടുത്ത് കഴിഞ്ഞ നാല് വർഷമായി ജൈവ പച്ചക്കറി ഉത്പാദനത്തിൽ വിപ്ലവം സൃഷ്ടിച്ചു. ദിവസവും 1500 കുട്ടികൾക്ക് ആഹാരം ഒരുക്കാൻ ഈ പച്ചക്കറി പ്രയോജനപ്പെടുന്നു. ജൈവ കൃഷിക്കൊപ്പം പൂകൃഷി കൂടി ഉൾപ്പെടുത്തി കുടുംബശ്രീ യൂണിറ്റുകൾക്കായി 'വല്ലംനിറ' പദ്ധതി ആവിഷ്കരിച്ചു. 21,000 വീടുകളിലായി 375 ഏക്കർ സ്ഥലത്താണ് കുടുംബശ്രീ അംഗങ്ങളെ ഉപയോഗിച്ച് കൃഷി നടത്തുന്നത്. ഓരോ സീസണിലും 4100 കിലോ പൂവ് ലഭിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധത്തിനിടെ അതിഥിയായി എത്തിയ വെച്ചൂർ പശുവിന്റെ കിടാവാണ് ജൈവഗ്രാമത്തിൽ ഇപ്പോഴത്തെ താരം.
മൂലധനം മെമ്പർമാരുടെ ഓണറേറിയം
'മണ്ണിന്റെയും മനുഷ്യന്റെയും ആയുസിനായ്' എന്ന സന്ദേശമുയർത്തി 2015 ഡിസംബറിൽ ആരംഭിച്ചതാണ് ജൈവഗ്രാമം പദ്ധതി.സ്വയം നിക്ഷേപമായി
ബ്ലോക്ക് മെമ്പർമാരും ജീവനക്കാരും ചേർന്നു സ്വരൂപിച്ച 4.25 ലക്ഷം രൂപയാണ് മൂലധനം.ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം അംഗീകൃത നഴ്‌സറിയും സംയോജിതകൃഷി പരിശീലന കേന്ദ്രങ്ങളും ആരംഭിച്ചു. അയ്യായിരത്തിലേറെ യുവതീയുവാക്കൾ പരിശീലനം നേടി.
പ്രതികരണം
''ത്രിതല പഞ്ചായത്തുകളിൽ ഓരോ മാതൃകാ കൃഷിത്തോട്ടം വീതം നടപ്പിലാക്കണം.ഒരു ഗ്രാമ പഞ്ചായത്ത് മിനിമം ഒരു ഏക്കർ,ബ്ലോക്ക് 2 ഏക്കർ,ജില്ലാ പഞ്ചായത്ത് 5 ഏക്കർ.ഇതിലൂടെ വലിയ മാറ്റം കേരളത്തിൽ ഉണ്ടാവും.മുഖ്യമന്ത്രിയുടെ ആഹ്വാനത്തെ തദ്ദേശ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരേ വികാരമായി ഏറ്റെടുത്താൽ നാടാകെ ജൈവഗ്രാമങ്ങൾ യാഥാർത്ഥ്യമാവും."
--ബി.ബിജു, (പ്രസിഡന്റ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്)