നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ ഒരാൾക്കും തമിഴ്നാട്ടിൽ നിന്ന് ഇവിടേക്കുവന്ന മറ്റൊരാൾക്കും കോവിഡ് സ്ഥിരീകരിച്ചത് സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക ഫലം പുറത്തുവന്നില്ല. തിരുവനന്തപുരം രാജീവ്ഗാന്ധി സെന്ററിൽ നടത്തിയ പരിശോധന ഫലം പോസിറ്റീവും പിന്നീട് ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായും കണ്ടെത്തി. വൈറോളജി ഡിപ്പാർട്ട്മെന്റ് കണ്ടെത്തിയ ഫലവും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. ഇവയുടെ ഔദ്യോഗിക ഫലങ്ങൾ പുറത്തുവിടാത്ത കാരണം ബന്ധപ്പെട്ട രോഗികളും അതിന്റെ പേരിൽ ക്വാറന്റൈനിൽ പോയവരും ആശങ്കയിലാണ്. നെയ്യാറ്റിൻകരയിലെ 11 വാർഡുകളാണ് ഇപ്പോൾ ഹോട്ട് സ്‌പോട്ടായി പ്രാപിച്ചിട്ടുള്ളത്. പത്താംകല്ല് സ്വദേശിക്കും മേൽപ്പാലം സ്വദേശിക്കുമാണ് രോഗലക്ഷണങ്ങൾ കണ്ടെത്തിയതായി സംശയിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയിലാണ് രണ്ടു പേരുടെയും ഫലം പോസിറ്റീവാണെന്ന് കണ്ടെത്തിയത്. ഇവരുടെ കുടുംബാംഗങ്ങളും സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരും ഉൾപ്പെടെ 126 പേർ ക്വാറന്റൈനിലാണ്.